
മിസോറാം, റെയിൽവേ, ഒഡിഷ, മണിപ്പൂർ ക്വാർട്ടറിൽ
കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബാളിൽ ആതിഥേയരായ കേരളം പുറത്ത്. ദുർബലരായ മധ്യപ്രദേശിനോട് സമനില വഴങ്ങേണ്ടി വന്നതോടെ ഗ്രൂപ്പ് ജി യിൽ നാല് പോയിന്റിലൊതുങ്ങിയ കേരളത്തിന് ക്വാർട്ടറിലേക്കുള്ള വഴിയടയുകയായിരുന്നു.
രണ്ടു ജയങ്ങളും ഒരു ഗോൾരഹിത മത്സരവുമായി ഏഴു പോയിന്റ് നേടിയ മിസോറാം ക്വാർട്ടറിൽ കടന്നു. ഇന്നലെ ഉത്തരാഖണ്ഡുമായുള്ള കളിയാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്. ഒറ്റ ജയവുമില്ലാതെ ഒരു പോയിന്റുമായാണ് അവരുടെ മടക്കം.
മറ്റു ഗ്രൂപ്പ് മത്സരങ്ങളിൽ റെയിൽവേ, ഒഡീഷ, മണിപ്പൂർ ടീമുകളും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഇന്നത്തെ മത്സരങ്ങൾ കൂടി കഴിയുന്നതോടെ ക്വാർട്ടർ നിര വ്യക്തമാവും.
ഇന്നലെ മധ്യപ്രദേശിനെതിരെ വലിയ പ്രതീക്ഷയുമായാണ് കേരളം ഇറങ്ങിയതെങ്കിലും തുടക്കത്തിൽ തന്നെ പിഴച്ചു. 18ാം മിനുട്ടിൽ മധ്യപ്രദേശിന്റെ ശിൽപ സോണി ആദ്യ ഗോൾനേടി. 20ാം മിനുട്ടിൽ രേഷ്‌മ ഗോൾ മടക്കിയെങ്കിലും പിന്നീട് ലഭിച്ച അവസരങ്ങളെല്ലാം കേരളം പാഴാക്കുകയായിരുന്നു.
കിരീടം പ്രതീക്ഷിച്ചിറങ്ങിയ ടീമിന് പരിശീലനക്കുറവും പ്രതികൂല കാലാവസ്ഥയും വിനയായെന്ന് കേരള കോച്ച് അമൃത അരവിന്ദ് പറഞ്ഞു. കൊവിഡ് കാരണം മാസങ്ങളായി പരിശീലനം മുടങ്ങിയത് താരങ്ങളുടെ പെർഫോമൻസിനെ ബാധിച്ചു. മാത്രമല്ല, ടീം ഒന്നിച്ചുള്ള കളിയും വേണ്ട വിധം നടന്നില്ല. ക്യാപ്ടനടക്കം കളിക്കാർക്കുള്ള പരിക്കും പരാജയത്തിന്റെ ആഴം കൂട്ടി.