കോഴിക്കോട്: അനധികൃതമായി പ്രവൃത്തിക്കുന്ന ഹോസ്റ്റൽ മെസ്സുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ. ജില്ലയിൽ ഭക്ഷ്യവിഷബാധകൾ ആവത്തിർക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
നാല് ഭക്ഷ്യവിഷബാധ പരാതികളാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഹോസ്റ്റലുകളിൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ മുഴുവൻ ഹോസ്റ്റലുകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവ,പ്രൈവറ്റ്,എൻ.ജി.ഒ,യൂത്ത് ഹോസ്റ്റൽ തുടങ്ങിയ എല്ലാ മേഖലയിലെ ഹോസ്റ്റൽ മെസ്സുകളും കാന്റീനുകളും ലൈസൻസ് എടുക്കണം. സ്ഥാപനത്തിൽ ഭക്ഷണം പാകം ചെയ്യുന്ന ഭാഗം വൃത്തിയായി സൂക്ഷിക്കണം. ഉപയോഗിക്കുന്ന വെള്ളം എൻ.എ.ബി.എൽ അക്രെഡിറ്റഡ് ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. പരിശോധനാ വേളയിൽ റിപ്പോർട്ട് ഹാജരാക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമായ പരിശോധനാ റിപ്പോർട്ട് പരിശോധന സമയത്ത് ഹാജരാക്കണം. ഹോസ്റ്റൽ മെസ്സുകളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും 18004251125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാമെന്ന് അസി. കമ്മീഷണർ അറിയിച്ചു.