
മാവൂർ: ഒരുസമയം ഒരുഭാഗത്തേയ്ക്കുള്ള വണ്ടികൾ മാത്രം. മറുഭാഗത്തേയ്ക്കുള്ള വണ്ടികൾ അത്രനേരം കാത്തിരിക്കുകതന്നെ വേണം. ഒരേസമയം രണ്ടുഭാഗത്തുനിന്നും വണ്ടികൾ വന്നാൽ കാര്യം തഥൈവ. പറയുന്നത് കുറ്റിക്കടവിനെയും കണ്ണിപറമ്പിനേയും ബന്ധിപ്പിക്കുന്ന ചെറുപുഴക്ക് കുറകേ ഉള്ള ചെറിയ പാലത്തെകുറിച്ചാണ്. ദിവസവും നിരവധി വാഹനങ്ങളും നാട്ടുകാരും അശ്രയിക്കുന്ന ഈ പാലത്തിൽ വൻ ഗതാഗത കുരുക്കാണ് എന്നും. വീതിക്കുറവ് തന്നെ പ്രശ്നം. 1998 ൽ ഇ അഹമ്മദ് എം. പിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ പാലം. അന്നത്തെ സാഹചര്യത്തിൽ ചെറിയപാലം മതിയായിരുന്നുവെങ്കിൽ ഇന്നതല്ല സ്ഥിതി. പേരുപോലെ പാലം ചെറുതായതിനാൽ ദിവസവും അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പലതവണ ജനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. കാര്യമുണ്ടായില്ലെന്ന് മാത്രം. കോടികൾ ചിലവഴിച്ച് എളമരത്തും കൂളിമാടും പാലം നിർമ്മിക്കുമ്പോൾ ' അതികൃതർ ഈ ചെറു പാലത്തിന്റെ കാര്യത്തിൽ കണ്ണടക്കുകയാണ്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കുളിമാട്. ആർ. ഇ.സി. മുക്കം ഭാഗത്തേക്ക് പോകുവാൻ ഏറ്റവും എളുപ്പം ഈ ചെറു പാലം വഴിയാണ്. കോഴിക്കോട് -മാവൂർ പ്രധാന റോഡിൽ യാത്ര തടസം നേരിട്ടാൽ അശ്രയിക്കുന്ന എക മാർഗമാണ് കുറ്റിക്കടവ് ചെറു പാലം. പാലത്തിൽ ഉള്ള വാഹനം കടന്ന് പോയാൽ മാത്രമേ കാൽനടക്കാർക്ക് പോലും പാലത്തിലൂടെ കടന്ന് പോകാൻ പറ്റൂ. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. ഫൂട്പാത്തുമില്ല. കാലപഴക്കം കൊണ്ട് പാലത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്. വികസനങ്ങൾ ഒന്നും വരാത്ത കുറ്റിക്കടവ്, കണ്ണി പറമ്പ് പ്രദേശങ്ങളിൽ ചെറു പാലവും അനുബന്ധ റോഡുകളും വികസിപ്പിച്ചിൽ തന്നെ വലിയ മാറ്റത്തിന് കാരണമാകും. ചെറുപാലം എന്നെങ്കിലും വലിയ പാലമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികൾ.