കൽപ്പറ്റ: കേന്ദ്ര കേരളാ സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് മൂന്ന് നിയോജക മണ്ഡലങ്ങളിലും നടത്തിവന്ന ജനജാഗ്രതായാത്ര കൽപ്പറ്റയിൽ സമാപിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ മാനന്തവാടിയിൽ നിന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ വടുവഞ്ചാലിൽ നിന്നും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ബത്തേരിയിൽ നിന്നും നയിച്ച യാത്രകൾ എസ്.കെ.എം.ജെ. സ്‌കൂൾ പരിസരത്ത് സംഗമിച്ച് കൽപ്പറ്റ ടൗണിലേക്ക് ജാഥയായി എത്തി. സമാപനസമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയി​ൽ ഫാസിസത്തിനെതിരെ പോരാടാൻ കോൺഗ്രസിന് കരുത്തുണ്ടെങ്കിൽ, കേരളത്തിൽ ബി​.ജെ.പി​യേക്കാൾ ആയിരം മടങ്ങ് അടിവേരുള്ള പാർട്ടിയെന്ന നിലയിൽ ബി​.ജെ.പി​യെ എതിർക്കാൻ ഒരു പ്രയാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിക്ക് ഒരു രണ്ടാമൂഴമായിട്ടും ഇടതുപക്ഷ സർക്കാരിന്റെ നേട്ടമായി എന്തെങ്കിലും എടുത്തുപറയാൻ സി പി എമ്മിനെ വെല്ലുവിളിക്കുകയാണ്. നൂറ് ജന്മം ജനിച്ചാലും ഉമ്മൻചാണ്ടിയെ പോലെയാവാൻ പിണറായിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലും ജലപാതയും പോലുള്ള പദ്ധതികളെല്ലാം കമ്മീഷനടിക്കാൻ വേണ്ടിയുള്ളതാണ്. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ ഭരണാധികാരിയായിരുന്നു പിണറായി എന്ന് ചരിത്രം പറയുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു. ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, പി.പി.ആലി, വി.എ.മജീദ്, എം.ജി.ബിജു തുടങ്ങി​യവർ സംബന്ധിച്ചു.