health
വടകര നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ മാലിന്യം വലിച്ചെറിയാനെത്തിയവരെ പിടികൂടിയപ്പോൾ

വടകര: മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ അന്യസംസ്ഥാന തൊഴിലാളികളെ വടകര നഗരസഭാ അധികൃതർ പിടികൂടി. മേപ്പയിൽ പച്ചക്കറിമുക്കിൽ കെ.പി ക്വാർട്ടേഴ്സിലെ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളെയാണ് നഗരസഭാ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് കുമാറും സംഘവും പിടികൂടിയത്. ഹെൽത്ത്‌ വിഭാഗം നടത്തി വരുന്ന രാത്രികാല സ്‌ക്വാഡ് പ്രവർത്തനത്തിനിടെ പുലർച്ചെ 5 മണിക്ക് മുനിസിപ്പൽ പാർക്കിന്‌ സമീപം സംശയാസ്പദമായ നിലയിൽ കണ്ടവരെ പിന്തുടർന്ന് പച്ചക്കറി മുക്കിൽ വെച്ച് ഭക്ഷ്യാവശിഷ്ടങ്ങളുമായി പിടികൂടുകയായിരുന്നു .മുനിസിപ്പാലിറ്റിയുടെ വാഹനം കണ്ട ഉടൻ രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ യാതൊരുവിധ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കാത്തതാണ് മാലിന്യം വലിച്ചെറിയേണ്ടി വരുന്നതെന്ന് പിടിയിലായവർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇല്ലാതെ ആൾക്കാരെ പാർപ്പിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് നഗരസഭാ സെക്രട്ടറി മനോഹർ പറഞ്ഞു.