കൽപ്പറ്റ: ചികിത്സ തേടി വൈത്തിരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തിൽ നിന്ന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. അനുവദിക്കുന്ന തുക കുട്ടിക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തിയ കമ്മീഷൻ കുട്ടിയുടെ പ്രായവും ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നഷ്ടവും പരിഗണിച്ച് അംഗങ്ങളായ കെ.നസീർ, ബി.ബബിത എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.

താലൂക്ക് ആശുപത്രി ഡോക്ടർ, സ്റ്റാഫ് നേഴ്സ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പരാതിക്കാരന്റെ ആരോപണങ്ങളും സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

2019 ഡിസംബർ 5 രാത്രി കുട്ടിയെ വൃഷണ സംബന്ധമായ അസുഖത്തെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ കാണിച്ചു. കലശലായ വേദനയുണ്ടായിരുന്നിട്ടും ഡോക്ടർ ശരിക്കു പരിശോധിക്കാതെ ഗുളികയും ഇഞ്ചക്ഷനും നൽകി സ്റ്റാഫ് നേഴ്സിനോട് കുട്ടിയെ നോക്കാൻ പറഞ്ഞു. കുട്ടിയുടെ പിതാവിനെ രോഗത്തിന്റെ ഗൗരവം അറിയിച്ചില്ല. ഉടനെ സർജറി ചെയ്യാൻ കഴിയുന്ന ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ കുട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ഡോക്ടറുടെ നിരുത്തരവാദപരമായ സമീപനത്തിൽ മകന് നഷ്ടപ്പെട്ടത് അവന്റെ ഭാവിയും ഏറ്റവും പ്രധാനപ്പെട്ട അവയവവുമാണെന്നും ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ അച്ഛൻ കമ്മീഷനെ സമീപിച്ചത്.