
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ സംഘത്തിന്റെ അറസ്റ്റ് തുടങ്ങിയത് സി.പി.എം കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുമ്പോൾ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലും അങ്ങനെയൊരു അന്വേഷണം വരുമോ എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എം.എൽ.എയും ആർ.എം.പിയും സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് അടുത്ത മാസമാണ്. രണ്ടു തവണ മാറ്റിവെച്ച ശേഷം കേസ് പരിഗണനയ്ക്കു വരുമ്പോൾ കോടതിയിൽ നിന്ന് അനുകൂല നിലപാടുണ്ടാവുമെന്ന പ്രതീക്ഷയിലാണെന്ന് രമ പറയുന്നു. ഇനി പ്രതികൂലമാണ് തീർപ്പെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ കേസ്സിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനാവൂ എന്നും രമ കൂട്ടിച്ചേർക്കുന്നു.
വടകര വള്ളിക്കാട്ട് വെച്ച് ടി.പി.ചന്ദ്രശേഖരൻ അതിദാരുണമായി കൊല്ലപ്പെട്ടത് 2012 മേയ് നാലിനായിരുന്നു. കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനടക്കം അറസ്റ്റിലായത് സി.പി.എം നേതൃത്വത്തെ ഒട്ടൊന്നുമല്ല കുഴക്കിയത്. പിന്നീട് വിധി വന്നപ്പോൾ മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളെ വെറുതെ വിട്ടെങ്കിലും സി.ബി.ഐ അന്വേഷണം വരുമോ എന്ന ആശങ്ക നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
സിപിഎം ലോക്കൽ, ഏരിയാ കമ്മിറ്റി അംഗങ്ങളടക്കം 11 പേരെയാണ് ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിച്ചത്. പക്ഷെ, അന്വേഷണസംഘത്തിനു കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനായില്ല. സി.പി.എം ഉന്നതരുടെ പങ്കാളിത്തത്തോടെയാണ് ഗൂഢാലേചന നടന്നതെന്ന് ചൂണ്ടിക്കാണിച്ച്, അത് പുനരന്വേഷണത്തിന് വിധേയമാക്കണമെന്നു ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലേ ഹർജി.
പെരിയ കേസിൽ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ നിന്നും ഒരുപാട് മുന്നോട്ട് പോയി മുൻ എം.എൽ.എ യെ വരെ സി.ബി.ഐ സംഘം പ്രതി ചേർത്തത് ആർ.എം.പി നേതൃത്വത്തിൽ വലിയ പ്രതീക്ഷ ഉണർത്തിയിരിക്കുകയാണ്. ടി.പി കേസ്സിൽ അത്തരമൊരന്വേഷണം ഉണ്ടായാൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് ആർ.എം.പി നേതാക്കൾ പറയുന്നു.
കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളന്വേഷിക്കാൻ ആറു തവണ സി.ബി.ഐ എത്തിയപ്പോഴെല്ലാം സി.പി.എമ്മിന് കനത്ത പ്രഹരമാണ് നേരിടേണ്ടി വന്നത്. ഇരിട്ടിയിലെ ഷംസുദ്ദീൻ വധം, ബദിയടുക്കയിലെ അബ്ദുൾ ജബ്ബാർ വധം, കതിരൂർ മനോജ് വധം, പയ്യോളി മനോജ് വധം, തലശ്ശേരി ഫസൽ വധം, അരിയിൽ ഷുക്കൂർ വധം തുടങ്ങിയ പ്രമാദമായ കേസുകളിലെല്ലാം അവസാനം സി.ബി.ഐ യിൽ നിന്നു തിരിച്ചടിയുണ്ടായി. കണ്ണൂരിലെ പാർട്ടിയുടെ മുതിർന്ന നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, പി.ജയരാജൻ അടക്കമുള്ളവർ സി.ബി.ഐ വന്നശേഷം പ്രതികളായവരാണ്. അതുകൊണ്ടു തന്നെ ചന്ദ്രശേഖരൻ വധക്കേസും ഏതെങ്കിലും തരത്തിൽ സി.ബി.ഐ അന്വേഷണത്തിലേക്ക് നീങ്ങിയാൽ പാർട്ടിയ്ക്കു കനത്ത ആഘാതമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആർ.എം.പി നേതൃത്വം.