കോഴിക്കോട് : ആയിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന കെ റെയിൽ പദ്ധതി ഉടൻ ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ഈ പദ്ധതി കേരളത്തിനു വലിയ വിപത്തായി മാറുമെന്ന് വിദഗ്ദ്ധർ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാന ഖജനാവ് കാലിയായിരിക്കെ കേരള ജനതയെ വീണ്ടും വലിയ കടക്കെണിയിലാക്കുന്ന പദ്ധതി ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

കെ. റെയിൽ പദ്ധതിയ്ക്കെതിരെ 18ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി 10,11,12,13 എന്നീ തീയതികളിലായി 13 അസംബ്ലി മണ്ഡലങ്ങളിലും പ്രവർത്തക കൺവെൻഷൻ നടക്കും.
യോഗത്തിൽ ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, അഡ്വ.പി.എം.നിയാസ്, പി.എം.ജോർജ്, റസാഖ്, എൻ.സി.അബൂബക്കർ, പി.മജീദ്, കെ.മൊയ്തീൻകോയ, മഠത്തിൽ നാണു എന്നിവർ സംസാരിച്ചു.