
ഫറോക്ക്: കോടതി വിധിയെ തുടർന്ന് ഫറോക്ക്  അങ്ങാടിയിൽ പാതയോരത്തുള്ള കൊടിമരങ്ങൾ, ഫ്ലക്സ് ബോർഡുകൾ തുടങ്ങിയവ നഗരസഭാ ഉദ്യോഗസ്ഥർ നീക്കിയതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികൾ ഇടപ്പെട്ടതോടെ ഫറോക്കിൽ ഫറോക്ക്  അങ്ങാടിയിൽ സംഘർഷാവസ്ഥ. ഫറോക്ക് പോസ്റ്റ് ഓഫീസിനു മുന്നിലും ബസ്സ് സ്റ്റാൻഡ് പരിസരത്തും സ്ഥാപിച്ച വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ, ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ തുടങ്ങിയവയാണ് നഗരസഭാ  ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ നീക്കം ചെയ്തത്. ഇവ കൊണ്ടു പോകുന്നതിന് വാഹനവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്. പോസ്റ്റ് ഓഫീസിനു മുന്നിൽ സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടിമരം നീക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും നഗരസഭയുടെ വാഹനം തടയുകയും ചെയ്തു. ഫറോക്ക് ജംഗ്ഷൻ - ഗണപത് താഴെ സ്കൂൾ റോഡരികിൽ കോൺഗ്രസ് സ്ഥാപിച്ച സ്മൃതി മണ്ഡപവും മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനെതിരെ കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തിയത് ഏറെ നേരം സംഘർഷാവസ്ഥ ഉണ്ടാക്കി. സി.ഡി.എ കോംപ്ലെക്സിലെ ചില വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ നീക്കം ചെയ്തതിലും പ്രതിഷേധമുണ്ടായി. റോഡിലേക്കു തള്ളി നിൽക്കുന്നതിനാലാണ് അവ നീക്കിയതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് നഗരമധ്യത്തിൽ ആളുകൂടിയത് വാഹന ഗതാഗതത്തെയും ബാധിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. നഗരസഭാഉദ്യോഗസ്ഥരുടെ  നടപടിയിൽ പക്ഷപാതമാരോപിച്ച് സി.പി .എം പ്രവർത്തകർ രാജീവ് മണ്ഡപത്തിനു സമീപം മറ്റൊരു മണ്ഡപം സ്ഥാപിച്ച് അതിൽ കൊടിയുയർത്തി. സി.പി.എം പ്രവർത്തകർ തടഞ്ഞ നഗരസഭയുടെ വാഹനം ഏറെ നേരം നടുറോഡിൽ തന്നെ കിടന്നു. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ഫറോക്ക് പൊലീസ് പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ്.