സുൽത്താൻ ബത്തേരി: മൃഗവേട്ടയ്ക്കായി വന്യജീവി സങ്കേതത്തിൽ തോക്കുമായി കയറിയ തമിഴ്നാട് എരുമാട് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ ഷിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ തടസവാദവുമായി വനം വകുപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസുകാരന്റെ കൂട്ടാളിയായ കല്ലിച്ചാൽ കൊരണ്ടിയാർകുന്നിൽ ജിജോ (38)യെ കഴിഞ്ഞ ദിവസം വനപാലകർ അറസ്റ്റ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കുകയും ചെയ്തു.
തോക്ക് ഒളിപ്പിക്കാൻ കൂട്ടുനിന്നത് നായാട്ടുസംഘത്തിലുൾപ്പെട്ട ജിജോയാണ്. ചേരങ്കോട് കാരക്കൊല്ലിയിലെ തേയില തോട്ടത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന പന്നിഫാമിലെ മാലിന്യക്കുഴിയിൽ നിന്ന് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് തോക്ക് കണ്ടെടുത്തത്.

തോട്ടാമൂല സെക്‌ഷനിലെ മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിൽ കഴിഞ്ഞ സെപ്തംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം. വനത്തിൽ തോക്കുമായി വേട്ടക്കിറങ്ങിയ പൊലീസുകാരന്റെ ചിത്രം വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞതോടെയാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വനം വകുപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിജുവിനെ നീലഗിരി ജില്ലാ പൊലീസ് മേധാവി ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഇതോടെ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുകയാണ്. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് വനം വകുപ്പ് ഹർജി നൽകിയിരിക്കുന്നത്.
വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ ഷിജുവിന്റെ ചിത്രം മാത്രമാണ് ലഭിച്ചതെങ്കിലും അന്വേഷണത്തിൽ വേട്ടസംഘത്തിൽ ആറ്‌പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഷിജുവിന്റെ കൂടെ ഒരാൾ മാത്രമാണ് വനത്തിലേക്ക് കടന്നത്. മറ്റുള്ളവർ കാറിൽ കാത്ത് നിൽക്കുകയായിരുന്നു. വനത്തിൽ കയറിയവർക്ക് വഴിതെറ്റി. റോഡിൽ കാത്ത് നിന്ന ബാക്കിയുള്ളവർ മടങ്ങുകയും ചെയ്തുവെന്നാണ് പിടിയിലായ ജിജോ പറഞ്ഞത്. വനമേഖലയിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടങ്കിലും ക്യാമറയിൽ പതിഞ്ഞത് പിന്നീട് കണ്ടെത്തിയതോടെയാണ് പൊലീസുകാരന്റെ നായാട്ട് പുറത്തായത്.