വടകര: വിയർപ്പുഗ്രന്ഥികളില്ലാത്തതിനാൽ ശരീരോഷ്മാവ് താങ്ങാനാവാതെ ദുരിതമനുഭവിക്കുന്ന പുറങ്കരയിലെ അൽ അമീന് ലോകഭിന്നശേഷി ദിനത്തിൽ മുറി ശീതീകരിച്ച് നൽകി കെ.എസ്.ടി.എ മാതൃകയായി. എം.യു.എം സ്കൂളിൽ എട്ടാംതരം വിദ്യാർത്ഥിയായ അൽ അമീൻ ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ചാണ് ചൂടിനെ തടുക്കുന്നത്. വാടകവീട്ടിൽ കഴിയുന്ന ആഷിക് - അർഷിന ദമ്പതികളുടെ മൂത്തമകനാണ് അമീൻ. ശീതീകരണമുറി ഒരുക്കാനുള്ള എയർകണ്ടിഷണർ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ബി. മധു കൈമാറി. മുനിസിപ്പൽ കൗൺസിലർ പി.വിജയി, കെ. നിഷ, വി.വി. വിനോദ്, ടി. ഷൈജു, കെ.എം.സൗമ്യ, പി.പി. സുജിത്ത്, സ്‌മിത, ശോഭ, ആതിര, പ്രബിത എന്നിവർ സംബന്ധിച്ചു.