കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് നാട്ടിലെത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനയ്ക്കായി ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കെ കോഴിക്കോട് ആശങ്കയിൽ. മറ്റു നാലു ജില്ലകളിൽ പലയിടത്തായി ഇദ്ദേഹം എത്തിയ പശ്ചാത്തലത്തിൽ അവിടങ്ങളിലെയും സമ്പർക്കപട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഡോക്ടറും അമ്മയും ക്വാറന്റൈനിലാണ്.
ഒമിക്രോൺ വൈറസ് ബ്രിട്ടനിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് വിട്ടത്. 46 കാരനായ ഡോക്ടർ നവംബർ 21 നാണ് കോഴിക്കോട്ടെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചത് 26നും. കോഴിക്കോട്ട് ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ളവർ കുറവാണ്. മറ്റിടങ്ങളിലുള്ളവരുടെ ലിസ്റ്റ് അതാത് ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. മുന്നൊരുക്കമായി ബീച്ച് ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡ് ഒരുക്കിയതായി ഡി.എം.ഒ ഡോ.ഉമ്മർ ഫാറൂഖ് പറഞ്ഞു. വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് അത് സ്വീകരിച്ച് സുരക്ഷിതരാകണം. കൊവിഡ് പോസിറ്റീവായവർ രോഗം ഭേദമായി മൂന്നു മാസത്തിനു ശേഷം വാക്സിനെടുത്തിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭീഷണി നേരിടാൻ കൊവിഡ് പ്രതിരോധ ശീലങ്ങൾ കൂടുതൽ കർശനമായി പാലിക്കണം. മൂക്കും വായയും മറയുംവിധം ശരിയായി മാസ്‌ക് ധരിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയേ പറ്റൂ. രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.