കൽപ്പറ്റ: കേരള ഇൻഫ്രാസ്‌ട്രെക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സ്‌കൂളുകൾക്കായി നടത്തിയ ഫേട്ടോഗ്രാഫി മത്സരത്തിൽ കാപ്പിസെറ്റ് ഗവ. ഹൈസ്കൂൾ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം സ്‌കൂൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തിയ ചിത്രങ്ങൾക്കാണ് പുരസ്‌കാരം. മത്സരത്തിന്റെ ഭാഗമായി സ്‌കൂളുകൾ നവംബർ ആദ്യവാരത്തെ ദൃശ്യങ്ങൾ സ്‌കൂൾവിക്കി പേജിലാണ് അപ്‌ലോഡ് ചെയ്തത്. ലഭിച്ച 12400 ചിത്രങ്ങളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ഒന്നാം സ്ഥാനം ലഭിച്ച സ്‌കൂളിന് 25000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഇന്ന് തിരുവനന്തപുരം വിജെടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. ജില്ലാ തലത്തിൽ ജി.എച്ച്.എസ്.എസ് തൃശ്ശിലേരി, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി, സെന്റ് തോമസ് എ.യു.പി.എസ് മുള്ളൻകൊല്ലി എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.