കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 207 പേർ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.18 ആണ്.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133086 ആയി. 130569 പേർ രോഗമുക്തരായി. നിലവിൽ 1730 പേരാണ് ചികിത്സയിലുള്ളത്. 1597 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1234 പേർ ഉൾപ്പെടെ ആകെ 13249 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 630 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

രോഗം ബാധിച്ചവർ

ബത്തേരി 20, പൂതാടി, വൈത്തിരി 15 വീതം, മാനന്തവാടി 11, പനമരം 10, പുൽപ്പള്ളി 6, കൽപ്പറ്റ, മുട്ടിൽ 5 വീതം, എടവക, മീനങ്ങാടി, നെന്മേനി, പൊഴുതന, തവിഞ്ഞാൽ, വെങ്ങപ്പള്ളി 4 വീതം, അമ്പലവയൽ, കണിയാമ്പറ്റ, മേപ്പാടി, മൂപ്പൈനാട്, നൂൽപ്പുഴ, തിരുനെല്ലി 3 വീതം, കോട്ടത്തറ, മുള്ളൻകൊല്ലി 2 വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സമ്പൂർണ്ണ ലോക്ക്ഡൗൺ

ജില്ലയിൽ പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള വൈത്തിരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ ലക്കിടിയിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്‌ത്തേക്ക് ജില്ലാ കളക്ടർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 14.63 ആണ് വാർഡിന്റെ ഡബ്ല്യൂ.ഐ.പി.ആർ.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് തിരുനെല്ലിയിലെ ആശ്രമം എം.ആർ.എസ് സ്‌കൂളും, സ്ഥാപനത്തിന്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.