
താമരശ്ശേരി: താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിൽ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു. അപേക്ഷ നൽകിയാൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. കാട്ടുപന്നി റോഡിനു കുറുകെ ചാടി ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് മരിച്ച കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45) ന്റെ മൃതദേഹവുമായാണ് ബന്ധുക്കളും കർഷക സംഘടനകളും പ്രതിഷേധിച്ചത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കൂരാച്ചുണ്ടിലേക്ക് കൊണ്ടുപോകുന്നതനിടെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിലെത്തിച്ച് പ്രതിഷേധിച്ചത്.സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടിയിൽ, താമരശ്ശേരി തഹസിൽദാർ സി.സുബൈറിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തഹസിൽദാറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുമായി ചർച്ച നടത്തി. ഇതേവരെ അപേക്ഷ നൽകിയിട്ടില്ലെന്നും അപേക്ഷ ലഭിച്ചാൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഓഫീസർ അറിയിച്ചു. ഇതേ തുടർന്ന് അപേക്ഷ എഴുതി നൽകുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു. ഇൻസ്പെക്ടർ ടി.എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.