സമ്പൂർണ്ണ ഇ ഓഫീസ് സംവിധാനം
രാജ്യത്ത് ആദ്യ ജില്ല വയനാട്

കൽപ്പറ്റ: വില്ലേജ് ഓഫീസുകൾ മുതൽ കളക്‌ട്രേറ്റ് വരെയുളള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണ്ണമായി ഇഓഫീസ് സംവധാനം വഴിയായി. ഈ സംവിധാനം മുഴുവൻ റവന്യൂ ഓഫീസുകളിലും നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ ജില്ലയായി വയനാട്.

അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും. 60 ലക്ഷം രൂപ ചെലവിട്ടാണ് റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കങ്ങൾ പൂർണ്ണമായും ഓൺലെനിലേക്ക് മാറ്റിയത്.

https://eoffice.kerala.gvo.in എന്ന പോർട്ടലിൽ ഫയൽ നമ്പർ നൽകിയാൽ ഫയലിന്റെ മുഴുവൻ നീക്കങ്ങളും അറിയാൻ കഴിയും. ഫയൽ ആരുടെ കൈവശമാണ് ഉളളത്, കൈവശം വെച്ച ദിവസങ്ങൾ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. ഓഫിസുകളുടെ ഫയൽ നീക്കം വേഗത്തിലും സുതാര്യമായും നീക്കുകയാണ് ഇ ഓഫിസ് സംവിധാനം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഫയലിലെ മുഴുവൻ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കപ്പെടുന്നതിനാൽ ഫയൽ നഷ്ടപെടുക, മാറ്റി വെക്കുക എന്നിവയൊന്നും ഇനി എളുപ്പമല്ല.

2015 ലാണ് ജില്ല സർക്കാർ നിർദ്ദേശ പ്രകാരം ഇഓഫിസ് സംവിധാനത്തിലേക്ക് മാറുവാനുള്ള നടപടികൾ തുടങ്ങിയത്. ഇ ഓഫിസ് നടപ്പിലാക്കേണ്ട ചുമതല ഐ.ടി മിഷന് ആയിരുന്നു. 2017 ഓടെ കളക്ടറേറ്റ്, സബ് കളക്ടർ ഓഫിസ് എന്നിവ പൂർണമായി ഇഓഫിസ് സംവിധാനത്തിലേക്ക് മാറി. 2018 ൽ താലൂക്ക് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവ കൂടി ഈ സംവിധാനത്തിൽ കൊണ്ടുവരുന്നത് നന്നായിരിക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ തുടങ്ങിയത്.

ജില്ലയിലെ 3 താലൂക്ക് ഓഫിസുകളും 49 വില്ലേജ് ഓഫിസുകളും കളക്ടറേറ്റ്, സബ് കളക്ടർ ഓഫിസ് എന്നിവയുമായി ഇഓഫിസ് സോഫ്റ്റ് വെയറിലുടെ ബന്ധിപ്പിച്ചിട്ടുണ്ട്.

ജില്ലയിൽ 103932 ഫയലുകൾ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 2021 ൽ നവംബർ വരെ 25410 ഫയലുകൾ ഇഓഫീസ് വഴി കൈമാറ്റം ചെയ്തു.

ഇഓഫീസ് സംവിധാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച പാടിച്ചിറ വില്ലേജ് ഓഫീസറെയും താലൂക്ക്തലത്തിൽ ബത്തേരി, മാനന്തവാടി, കുന്നത്തിടവക വില്ലേജ് ഓഫീസറെയും ജില്ലാ കളക്ടർ എ.ഗീത അനുമോദിച്ചു.