ബാലുശ്ശേരി: വികസനം നടക്കട്ടേ പക്ഷേ ബാലുശ്ശേരി നിവാസികൾക്ക് ഒന്നേ പറയാനുള്ളു കുടിവെള്ളം മുട്ടിക്കരുത്.സംസ്ഥാന പാത വീതി കൂട്ടി നവീകരിക്കുന്നതിനായുള്ള പ്രവൃത്തി ത്വരിതഗതിയിലായതോടെ ബാലുശ്ശേരിയിൽ വീണ്ടും കുടിവെള്ള വിതരണം നിലച്ചു. സംസ്ഥാന പാതയിൽ പുത്തൂർ വട്ടത്ത് കാട്ടാംമ്പള്ളി ജംഗ്ഷനിൽ ഇന്നലെയും പൈപ്പുലൈനുകൾ പൊട്ടി റോഡാകെ വെള്ളത്തിൽ മുങ്ങി.പുത്തൂർവട്ടം ടൗണിലും ഗോകുലം കോളേജിന് മുമ്പിലെ റോഡും ഉയരം കുറയ്ക്കുന്നതിനായി ഒരു ഭാഗത്തെ മണ്ണ് മാറ്റിയിരിക്കുകയാണ്. ഇവിടങ്ങളിലെ കുടിവെള്ള വിതരണ പൈപ്പുകൾ പാടെ തകർന്നിട്ടുണ്ട്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുമ്പോൾ പൊട്ടിയതാണെന്നും കരാറുകാർ തന്നെ അവ പുന: സ്ഥാപിക്കണമെന്ന് ജല അതോറിറ്റിയും പറയുന്നത്.എന്നാൽ യാതൊരു ഗുണമേന്മയുമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതിനാലാണ് പൈപ്പുകൾ പൊട്ടാൻ കാരണമെന്ന് കരാറുകാരും പറയുന്നു.ഇരുകൂട്ടരും അവകാശ വാദം ഉന്നയിക്കുമ്പോൾ കുടി വെള്ളം കിട്ടാതെ നാട്ടുകാരാണ് വലയുന്നത്. പുത്തൂർ വട്ടം ഭാഗത്ത് ഇടയ്ക്കിടയ്ക്ക് കുടിവെള്ളം മുടങ്ങുന്നത് ജനങ്ങളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.ഇന്നലെ ഉച്ചയോടെ വെള്ളം തുറന്നപ്പോൾ റോഡിലേക്ക് ഒഴുകുകയായിരുന്നു. എത്രയും പെട്ടന്ന് നിലവാരമുള്ള പൈപ്പുകൾ മാറ്റിയിട്ട് കുടിവെള്ള വിതരണം പുന: സ്ഥാപിക്കണമെന്ന് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നു.