വടകര : ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചിത്രോത്സവം കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ പ്ളസ്.ടു വിദ്യാർത്ഥികളായ ഇരുനൂറ്റമ്പത് പേർ വിത്യസ്തങ്ങളായ ചിത്രങ്ങൾ വരച്ചു.
കേരളത്തിലെ പ്രശസ്ത ചിത്രകാരൻമാരായ അഭിലാഷ് തിരുവോത്ത്, ഷാജി കാവിൽ, പവി കോയ്യോട്, രാജീവൻ നടുവണ്ണൂർ, സദാനന്ദൻ , ശ്രീജിത്ത് വിലാതപുരം, ജഗദീഷ് പാലയാട്ട്, രഗിൽ കുമാർ എന്നിവർ സ്‌കൂളിൽ ഒരുക്കിയ ക്യാൻവാസിൽ വിവിധ ചിത്രങ്ങൾ വരയ്ക്കുകയും വിദ്യാത്ഥികളോട് സംവദിക്കുകയും ചെയ്തു. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ രഗിൽ കുമാറിനെ ആദരിച്ചു. നാനൂറോളം ചിത്രങ്ങളുടെ പ്രദർശനവും നടന്നു. പി.ടി.എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൽ എൻ.വി. സീമ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വാസുദേവൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ പ്രവീൺ കുമാർ, പ്രജീഷ് തത്തോത്ത്, ഇസ്മയിൽ പറമ്പത്ത്, .രാജേഷ് കുളങ്ങര, ഡോ.സോമൻ കടലൂർ, രാജീവൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു.