കോഴിക്കോട്: നഗരത്തിലെ കുട്ടികൾക്കായി വർഷങ്ങൾക്കു മുൻപ് ബീച്ചിൽ ഏറെ കൊട്ടിയാഘോഷിച്ച് ആരംഭിച്ച ലയൺസ് പാർക്ക് കാട് കയറി നശിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അധികൃതരുടെ അനാസ്ഥയെ തുടർന്ന് പാർക്ക് അകാല ചരമം പ്രാപിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിനു ശേഷം പാർക്ക് പൂർണ്ണമായും അടച്ചിടുകയായിരുന്നു. നീണ്ട അടച്ചിടലിനെ തുടർന്ന് കുട്ടികളുടെ കളിയുപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. തുറമുഖ വകുപ്പിൻെറ കീഴിലുള്ള സ്ഥലം 1965 ലാണ് നഗരസഭ താത്കാലികമായി ഏറ്റെടുത്ത് ലയൺസ് ഇന്റർനാഷണൽ ക്ലബിന് കൈമാറിയത്. പിന്നീട് പാർക്കിന് വടക്ക് ഭാഗത്ത് കുട്ടികളുടെ പാർക്കും ആരംഭിച്ചു.പുല്ലും മാലിന്യങ്ങളും നിറഞ്ഞതോടെ പാർക്ക് ഇപ്പോൾ തെരുവ് നായ്കളുടേയും സാമൂഹിക വിരുദ്ധരുടേയും സ്ഥിര താവളമാണ്. പാർക്കിലെ മറ്റു യന്ത്രങ്ങളെല്ലാം പ്രവർത്തന രഹിതവുമായി. പാർക്കിലെ മതിലിനു പകരമായി സ്ഥാപിച്ച ജി.ഐ മെറ്റൽ ഷീറ്റുകളും ഗ്രില്ലുകളും പൂർണ്ണമായും ദ്രവിച്ച് മറിഞ്ഞു വീണ നിലയിലാണ്. ചെടികളുടെ പേരും ശാസ്ത്രനാമവും സൂചിപ്പിക്കുന്ന ബോർഡുകളും നശിച്ചുതുടങ്ങി.
വില്ലാനായത് കൊവിഡ്
കൊവിഡ് മൂലം ഹോട്ടലുകളിൽ പാർസൽ മാത്രം അനുവദിച്ചിരുന്നതിനാൽ ബീച്ചിലെത്തി ഭക്ഷണം കഴിക്കുന്നവർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ കുന്നു കൂടി കിടക്കുകയാണ്. രാത്രിയിലും ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. ഇതോടെ പാർക്കിന് സമീപത്തു കൂടി കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ഒന്നരയേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന പാർക്കിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധമുയർന്നപ്പോൾ കുറച്ച് നവീകരണം നടത്തിയെങ്കിലും വീണ്ടും നശിച്ചു. പാർക്ക് കോർപറേഷൻ തിരികെ ഏറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്