
കോഴിക്കോട്: ആധുനിക ബാങ്കിംഗ് സൗകര്യങ്ങളോടു കിടപിടിക്കുംമട്ടിൽ ട്രഷറി സംവിധാനങ്ങൾ നവീകരിച്ചുവരികയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
എ.ടി.എം കാർഡ് ഉൾപ്പെടെ ഏർപ്പെടുത്തുന്നത് ചർച്ചയിലുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ 120 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടത്തുന്നത്. വിവരസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
നവീകരിച്ച പുതിയറ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രഷറികളിൽ ആളുകൾ നിക്ഷേപിച്ച പണം പൊതുകടത്തിൽ പെടുത്തി സംസ്ഥാനത്തിന്റെ ബാദ്ധ്യതയായി കണക്കാക്കി കേരളത്തെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. സുരക്ഷിതത്വവും പലിശക്കൂടുതലുമുള്ളതിനാലാണ് ആളുകൾ ട്രഷറിയിൽ നിക്ഷേപിക്കുന്നത്.
മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനായിരുന്നു. മേയർ ഡോ.ബീന ഫിലിപ്പ്, കൗൺസിലർ പി.കെ.നാസർ, ട്രഷറി ഡയറക്ടർ എ.എം.ജാഫർ, ഡെപ്യൂട്ടി ഡയറക്ടർ ടി.സി.സുരേഷ്, ജില്ലാ ട്രഷറി ഓഫീസർ എ.സലിൽ എന്നിവർ സംസാരിച്ചു.