കൽപ്പറ്റ: ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരൻ വ്യക്തിഗത ചാമ്പ്യനായി. ചെന്നലോട് വലിയനിരപ്പിൽ റിട്ട. സുബേദാർ മാത്യു (70) ആണ് സൂപ്പർ വൈറ്ററൻ വിഭാഗത്തിൽ സ്വർണ്ണകൊയ്ത്ത് നടത്തിയത്.
800, 1500, 10000 മീറ്റർ ഓട്ടമൽസരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. ദേശീയ സംസ്ഥാന വൈറ്ററൻ അത്‌ലറ്റിക് മൽസരങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സജീവമാണ്. 21-ാം വയസിൽ കരസേനയിൽ ചേർന്ന മാത്യു 2008-ൽ മദ്രാസ് എൻജിനീയേഴ്സ് റെജിമെന്റിൽ നിന്നും സുബേദാർ റാങ്കിൽ വിരമിച്ചു.
നാട്ടിൽ തിരിച്ചെത്തി കൃഷിയിൽ സജീവമായതിനിടെയാണ് കായികരംഗത്തേക്ക് തിരിഞ്ഞത്. ബോഡിബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013 മുതൽ തുടർച്ചയായി മൂന്ന് വർഷം മാസ്റ്റർ വയനാടായി തെരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ദീർഘദൂര ഓട്ടമൽസരങ്ങളിൽ സജീവമായി. ഭാര്യ: എൽസമ്മ. മക്കൾ: ഷെറീൻ, സ്വപ്ന, സിജോ.

ഫോട്ടോ--മാത്യു