
മുക്കം: മുക്കം നഗരസഭയിലെ കല്ലുരുട്ടി മരുതോറക്കുന്നുകാർക്ക് ഇക്കാലമത്രയും കിട്ടാക്കനിയായിരുന്ന കുടിവെള്ളം ഇനി കിട്ടാക്കനിയാവില്ല. ഇനി കുടിവെള്ളമെത്തും, ജോസേട്ടൻെറ ഔദാര്യത്തിൽ. 56 കുടുംബങ്ങളുള്ള പ്രദേശത്തെ കുടിവെള്ള പ്രശ്നം മുക്കം നഗരസഭയ്ക്കും തലവേദനയായിരുന്നു. ഇവർക്ക് വെള്ളമെത്തിക്കാൻ വർഷം തോറും ലക്ഷങ്ങളാണ് മുക്കം നഗരസഭയ്ക്ക് ചിലവിടേണ്ടി വന്നത്.
മരുതോറകുന്ന് അത്ര വലിയ വലിയകുന്നിൻ പ്രദേശമൊന്നുമല്ല. ഇരുവഞ്ഞിപുഴയിൽ നിന്ന് അധികം അകലെയുമല്ല. എന്നാൽ ഇവിടെ കിണർ കുഴിച്ചാൽ വെള്ളത്തിനു പകരം കാണുക കരിമ്പാറയാണ്. ഈ പ്രദേശത്ത് ഭൂമിയിൽ അധികം ആഴത്തിലല്ലാതെയുള്ള ഒറ്റപ്പാറയാണ് വില്ലൻ. പ്രദേശത്തുള്ള ആരു വിചാരിച്ചാലും പരിഹരിക്കാനാവാത്ത പ്രശ്നം. വെള്ളം കിട്ടുന്നിടത്ത് കിണർ നിർമ്മിക്കൽ മാത്രമായിരുന്ന ഏകപരിഹാരം. ചുറ്റുവട്ടത്ത് എല്ലായിടങ്ങളിലും സ്വന്തം കിണറുകളിൽ നിന്നും വെള്ളം കിട്ടുമ്പോൾ ഇവിടുത്തുകാർ മാത്രം ഒറ്റപ്പെട്ടു. നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും മുന്നിൽ മരുതോറക്കുന്നുകാരുടെ കുടിവെള്ള പ്രശ്നം കീറാമുട്ടിയായി തുടർന്നു.
ഇതിനിടെയാണ് നാട്ടുകാർ ജോസേട്ടൻ എന്നു വിളിക്കുന്ന നെടുംകല്ലേൽ ജോസ് നഗരസഭ കൗൺസിലർ ഗഫൂർ കല്ലുരുട്ടിയെ കണ്ട് സ്ഥലം നൽകാനുള്ള സന്നദ്ധത അറിയിച്ചത്. നാട്ടുകാരുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് കിണർ കുഴിക്കാൻ ആവശ്യമുള്ള സ്ഥലം തന്റെ ഭൂമിയിൽ നിന്ന് അളന്നെടുത്തോളാനും പറഞ്ഞു. മരുതോറകുന്ന് പ്രദേശത്തുനിന്നും അല്പം മാറി ജലലഭ്യതയുള്ളിടത്താണ് ജോസിന്റെ സ്ഥലം. കിണറാവുന്നതോടെ ടാങ്കും മോട്ടറും വച്ച് പ്രദേശത്ത് നിഷ്പ്രയാസം വെള്ളമെത്തിക്കാം. കുടിവെള്ളമെത്തിക്കാൻ സന്മനസു കാണിച്ച ജോസേട്ടനെ നാട്ടുകാരും നഗരസഭയും ചേർന്ന് ആദരിക്കുകയും ചെയ്തു. നഗരസഭ ചെയർമാൻ പി.ടി ബാബു ജോസിന് ഉപഹാരം നൽകി. സെക്രട്ടറി എൻ. കെ. ഹരീഷ് അദ്ദേഹത്തിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി. കൗൺസിലർ ഗഫൂർ കല്ലുരുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അബൂബക്കർ മുണ്ടുപാറ, സക്കീന കബീർ എന്നിവരും സംബന്ധിച്ചു.ശ്യാം സ്വാഗതവും എം. ഐ. ചന്ദ്രൻ നന്ദിയും പറഞ്ഞു.