വാളാട്: വാളാട് പുത്തൂരിൽ നിർമാണം നടത്തിവരുന്ന ഹാവിയോ വെഞ്ചേഴ്സ് എന്ന അറവുമാലിന്യ പ്ലാന്റിനെതിരെ ഗോത്ര സംഗമവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ജനവാസ കേന്ദ്രത്തിലെ അറവു മാലിന്യസംസ്‌കരണ പ്ലാന്റിന്റെ മുന്നൂറ് മീറ്റർ ചുറ്റളവിൽ പാത്തിക്കമൂല, നടുവിൽവീട്, അരിപ്പറ്റകുന്ന്, കുയിലവീട്, കണ്ണിമൂല, തുടങ്ങിയ കോളനികളിലായി നൂറോളം വീടുകളിൽ മുന്നൂറോളം ആദിവാസികൾ താമസിക്കുന്നുണ്ട്. പ്ലാന്റ് വന്നാലുണ്ടാകുന്ന പ്രശ്നങ്ങളെകുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

കമ്പനി പഞ്ചായത്തിൽ നിന്നു നേടിയ കെട്ടിട നിർമ്മാണ അനുമതി പഞ്ചായത്ത് രാജ് നിയമം ലംഘിച്ചാണെന്ന് കാണിച്ച് സമരസമിതി ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. വരുംദിനങ്ങളിൽ സമരം ശക്തിപ്പെടുത്താൻ ഗോത്ര സംഗമം തീരുമാനിച്ചു.
ധർണ്ണ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കമറുന്നിസ കോമ്പി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുരേഷ് പാലോട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട് മുഖ്യപ്രഭാഷണം നടത്തി. സമരസമിതി നേതാവും ഗോത്ര കലാകാരനുമായ സുരേഷ് പാത്തിക്കമൂലയെ കെ.ആർ.വിജയൻ പൊന്നാട അണിയിച്ചു. കെ.എം.പ്രകാശൻ സ്വാഗതവും പി.എം.മണികണ്ഠൻ നന്ദിയും പറഞ്ഞു. ഗോത്ര കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.