parking

കോഴിക്കോട് : കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയ്ക്ക് സമീപം അനുമതിയില്ലാതെ ആരംഭിച്ച പേ പാർക്കിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം കോർപ്പറേഷൻ തടഞ്ഞു. ഇന്നലെ രാവിലെ ആരംഭിച്ച പേ പാർക്കിംഗ് സ്ഥലത്ത് പരിശോധന നടത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകുകയും അടിയന്തരമായി പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. തുടർന്നും നിരീക്ഷണം ഉണ്ടാകും. ഉച്ചയ്ക്ക് 12.30 ഓടെ തന്നെ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.

കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയ്ക്ക് സമീപം ഓവുചാൽ മൂടിയതിന് കോർപ്പറേഷൻ നടപടി സ്വീകരിച്ച സ്ഥലത്തോട് ചേർന്നാണ് പേ പാർക്കിംഗ് ആരംഭിച്ചത്. ഇതിനെതിരെ പ്രദേശം ഉൾപ്പെടുന്ന വലിയങ്ങാടി വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് പരാതി നൽകിയിരുന്നു. അതെസമയം കഴിഞ്ഞ ദിവസങ്ങളിലേതുപോലെ സൗജന്യ പാർക്കിംഗ് തുടരും. സ്ഥലത്ത് പേ പാർക്കിംഗ് അനുവദിക്കണമോ എന്നതിൽ കോർപ്പറേഷൻ കൗൺസിലാണ് തീരുമാനം എടുക്കേണ്ടത്.