കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിന്റെ വനിത സാരഥിയായ മുസ്ലിംലീഗ് നേതാവിനു നേരെ കോൺഗ്രസുകാരനായ വൈസ് പ്രസിഡന്റിന്റെ അധിക്ഷേപം. ഓഫീസിൽ വെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ വൈസ് പ്രസിഡന്റ് പയങ്കൽ കരീം അധിക്ഷേപിച്ചതായാണ് പഞ്ചായത്ത് പ്രസിഡന്റ് വിളക്കോട്ടിൽ സംലൂലത്ത് ലീഗ് നേതൃത്വത്തിന് നൽകിയ പരാതി.

പഞ്ചായത്ത് ഭരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 10 മുതൽ 25 വരെ സംഘടിപ്പിക്കുന്ന ഫയൽ തീർപ്പാക്കൽ മെഗാ അദാലത്തിനുള്ള നോട്ടീസിൽ വൈസ് പ്രസിഡന്റിന്റെ പേര് ഇല്ലെന്നതാണ് പ്രകോപനത്തിനു പിന്നിൽ. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പദ്ധതിയുടെ കോ ഓർഡിനേറ്റർ എന്നിവരുടെ പേരുകൾ മാത്രമേയുള്ളൂ നോട്ടീസിൽ.

ഇനി ഈ വൈസ് പ്രസിഡന്റുമായി യോജിച്ചു പോകാനാവില്ലെന്നും നടപടി ഉണ്ടായില്ലെങ്കിൽ താൻ പഞ്ചായത്ത് ഓഫീസിലേക്കില്ലെന്നും മുസ്ലിം ലീഗ് നേതൃത്വത്തിനുള്ള പരാതിയിൽ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, വൈസ് പ്രസിഡന്റിനെതിരെയുള്ള പഴയ പരാതികളും സംസാരവിഷയമായിരിക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറിയെ അസഭ്യം പറഞ്ഞതും കോൺഗ്രസുകാരനായ ഒരു പഞ്ചായത്ത് അംഗത്തെ ഓഫീസിൽ ജീവനക്കാരുടെ മുന്നിൽ വച്ച് മർദ്ദിച്ചുവെന്നതും ഈയിടെ ഉയർന്ന ആരോപണങ്ങളാണ്. ഇത്രയെല്ലാമായിട്ടും ഈ വൈസ് പ്രസിഡന്റിനെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധമുണ്ട്.

എന്നാൽ ആരോപണങ്ങളെല്ലാം വൈസ് പ്രസിഡന്റ് നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെ താൻ തെറി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.