
വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കോവുക്കലിൽ വാടക ക്വാർട്ടേഴ്സിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുക്കിയതിന് കെട്ടിട ഉടമയ്ക്ക് പഞ്ചായത്ത് സെക്രട്ടറി 10,000 രൂപ പിഴയിട്ടു. ഒരാഴ്ചയ്ക്കകം ഒഴിയാൻ താമസക്കാർക്കു നോട്ടീസ് നൽകി. ഉടമസ്ഥൻ വിദേശത്തായതിനാൽ നോട്ടീസ് മുക്കാളിയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു.
മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്നതായി നാട്ടുകാരുടെ പരാതി വന്നതോടെ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് നേരിട്ട് പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ നിന്നു മലിനജലം ഒഴുക്കിവിട്ടത് സംബന്ധിച്ച് വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി, ബ്ലോക്ക് മെമ്പർ വി.പി ബിന്ദു എന്നിവരുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് ഉടമസ്ഥനെ കൊണ്ട് ടാങ്ക് അറ്റകുറ്റപ്പണി നടത്തി പ്രശ്നം അവസാനിപ്പിച്ചിരുന്നു. തുടർന്നും റോഡിൽ മലിനജലം കണ്ടതിനെത്തുടർന്ന് ജെ സി ബി വെച്ച് കുഴിച്ചപ്പോഴാണ് മറ്റൊരു വീട്ടിൽ നിന്നു വലിയ തോതിൽ മലിനജലം പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയതും ഉടനെ നടപടി സ്വീകരിച്ചതും. ഒരാഴ്ചയ്ക്കകം പുതിയ ടാങ്ക് നിർമ്മിച്ച് പ്രശ്നം പൂർണമായി പരിഹരിച്ചില്ലെങ്കിൽ ക്വാർട്ടേഴ്സ് പൂട്ടി സീൽ വെക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.