മാനന്തവാടി: കാട്ടിക്കുളം കുറുക്കൻമൂലയിലെ കടുവാശല്യത്തിന് അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ. പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവ ജനങ്ങളുടെ ജീവനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച നടത്താനിരുന്ന പ്രതിഷേധം താൽക്കാലികമായി മാറ്റിവെച്ചത്. തുടർ നടപടിയുണ്ടായില്ലെങ്കിൽ ജില്ലയിലുടനീളം പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. പി.കെ.ജയലക്ഷ്മി, എൻ.കെ.വർഗീസ് തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.