1
മഞ്ജുഷ

കോഴിക്കോട്: വിദഗ്ദ ചികിത്സ ലഭിച്ചില്ല കോഴിക്കോട് മെഡിക്കൽ കോളേജിൽ തലാസീമിയ രോഗി മരിച്ചു.പയ്യോളി അയനിക്കാട് എരവത്ത് മഞ്ജുഷ (26) ആണ് മരിച്ചത്.മഞ്ജുഷയെ കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ ചികിത്സകളായ ഹെമറ്റോളജി,​ഹൃദ്രോഗ നൽകിയില്ല. കാഷ്വാലിറ്റിയിലെത്തിച്ച രോഗിയെ ഹെമറ്റോളജി വാർഡിലേക്ക് മാറ്റാതെ ആറാം വാർഡിലേക്ക് മാറ്റുകയായിരുന്നു. ഹൃദയത്തിലും കരളിലും ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ യുവതിക്ക് രണ്ട് കാലുകളിലും നീർക്കെട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ നീർക്കെട്ട് കളയാൻ മരുന്ന് നൽകിയതല്ലാതെ ഇതിന് കാരണമായ ഹൃദയത്തിലെ ഇരുമ്പിന്റെ അംശം നീക്കം ചെയ്യാൻ ഫല പ്രദമായ ചികിത്സ നൽകുകയുണ്ടായില്ല.

കൂടാതെ ഹൃദയത്തിലെയും കരളിലെയും ഇരുമ്പിന്റെ അളവ് മനസ്സിലാക്കുന്നതിനുള്ള സ്‌കാനിംഗും നടത്തിയില്ല.അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചമൂലമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. യുവതിയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും രോഗികൾക്ക് വിദഗ്ദ ചികിത്സയും ജീവൻ രക്ഷാമരുന്നുകളും നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. പയ്യോളി അയനിക്കാട് സ്വദേശി പ്രേംകുമാർ രാധ ദമ്പതികളുടെ മകളാണ്.