സുൽത്താൻ ബത്തേരി: കാലംതെറ്റി പെയ്യുന്ന കനത്ത മഴ നെൽകർഷകർക്ക് കണ്ണീരിന്റെ കൊയ്ത്തുകാലമായി മാറി. വയലുകളിൽ കൊയ്തിട്ട നെല്ല് മഴകാരണം വാരാൻ കഴിഞ്ഞിട്ടില്ല. നെല്ലും വൈക്കോലും വയലിലെ വെള്ളത്തിൽ അടിഞ്ഞ് നശിക്കുകയാണ്. ഒരു വർഷത്തെ അദ്ധ്വാനവും ഭക്ഷ്യധാന്യവും ലക്ഷങ്ങളുടെ നഷ്ടവുമാണ് കർഷകർക്കുണ്ടായത്.
വന്യമൃഗങ്ങളോടും കാലാവസ്ഥയോടും പൊരുതിയാണ് വനഗ്രാമമായ മുത്തങ്ങയിലെ കർഷകർ നെൽകൃഷി ഇറക്കിയത്. മുത്തങ്ങ, ആലത്തൂർ, അത്തിക്കുനി, മൻമഥമൂല തുടങ്ങിയ പ്രദേശങ്ങളിലെ തൊണ്ണൂറോളം കർഷകരുടെ കൊയ്തിട്ട നെല്ല് വെള്ളത്തിലായി.
വെള്ളത്തിൽ കിടന്ന നെല്ല് മിക്കവാറും നശിച്ചു. ബാക്കിയായവ മുളയ്ക്കാനും തുടങ്ങി. ഇനി വെള്ളം വറ്റി നെല്ല് വാരിയെടുത്താൽ തന്നെ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. നനഞ്ഞുപോയ വൈക്കോൽ കന്നുകാലികൾക്ക് തീറ്റയായി നൽകാനും കഴിയില്ല.
നെൽകർഷകർക്കുള്ള വിള ഇൻഷൂറൻസിനുള്ള അർഹതയും ഇവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. വയലിൽ നിന്ന് നശിച്ച നെൽകൃഷിക്ക് മാത്രമെ ഇൻഷൂറൻസ് പരിരക്ഷ കിട്ടുകയുള്ളൂ. കൊയ്തിട്ട നെല്ലിന് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല.
ജൈവ കൃഷിരീതി പിന്തുടരുന്ന കർഷകരുടെ ഉപജീവനമാർഗ്ഗവും ഇതുതന്നെയാണ്. ഇനി എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കർഷകർ.
ഫോട്ടോ--എംഎൻ
വെള്ളത്തിൽ കുതിർന്ന് കിടക്കുന്ന നെല്ല് വാരിയെടുത്ത് കാണിക്കുന്ന കർഷകൻ