sharafudeen
ഷറഫുദ്ദീൻ

സുൽത്താൻ ബത്തേരി: ജപ്പാനിൽ ഫെബ്രുവരിയിൽ അരങ്ങൊരുങ്ങുന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബത്തേരി മൈതാനിക്കുന്ന് അയലക്കര മുത്തു എന്ന ഷറഫുദ്ദീൻ (42).
ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ നാല്പത് വയസിന് മുകളിലുള്ളവർക്കായുള്ള 5000 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയാണ് ലോക മീറ്റിൽ പങ്കെടുക്കാൻ അർഹനായത്. എണ്ണൂറ് മീറ്റർ, നാനൂറ് മീറ്റർ റിലേ എന്നിവയിൽ വെങ്കലവും കരസ്ഥമാക്കിയിരുന്നു.
കായികരംഗത്ത് 1995 മുതൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചു വന്ന ഷറഫുദ്ദീൻ ദേശീയ - സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയവിജയങ്ങൾ കൈവരിച്ചി​ട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ നടന്ന അണ്ടർ - 22 അയ്യായിരം മീറ്ററിൽ ഷറഫുദ്ദീൻ സ്ഥാപിച്ച 15 മിനുട്ടിന്റെ റെക്കോഡ് ഇതുവരെ ആർക്കും തിരുത്തിക്കുറിക്കാനായിട്ടില്ല.

മെഡിക്കൽ റപ്രസന്റേറ്റിവായ ഇദ്ദേഹം ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള കഠി​ന പരിശീലനത്തിലാണി​പ്പോൾ. രാവിലെ ഒന്നര മണിക്കൂർ നീണ്ട പരീശീലനത്തിന് ശേഷമാണ് ജോലിയ്ക്കിറങ്ങുക.

ഭാര്യ: സാജിത. മക്കൾ: ഹിതാഷ് മുഹമ്മദ്, ഐഷ നുജും, ഫാത്തിമ നൗറിൻ.