1
പിടിയിലായ പ്രതികൾ

കോഴിക്കോട്: പാവമണി റോഡിലെ ബീവറേജ് ഷോപ്പിനു സമീപം നിന്ന സുഹൃത്തുക്കളായ രണ്ടു പേരെ കവർച്ച നടത്തിയ കേസിലെ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വയനാട് സ്വദേശികളായ പുൽപ്പള്ളി മണൽവയൽ കാളിപറമ്പിൽ വിശ്വരാജ് (40),കല്പറ്റ ഗ്രീൻ വർഗ്ഗീസ് കോളനിയിൽ ബാബു (33), കോഴിക്കോട് കുരുവട്ടൂർ ഉണി പറമ്പത്ത് താഴം ചൈത്രം വീട്ടിൽ ലജ്പത് (48) എന്നിവരാണ് കസബ പൊലീസ് പിടിയിലായത്.പൈലിംഗ് ജോലിക്കായി കോഴിക്കോട് എത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ തിങ്കളാഴ്ച ഉച്ചസമയത്ത് പാവമണി റോഡിലുള്ള ബീവറേജ് ഷോപ്പിനു സമീപത്ത് നിന്ന് നാലു പേർ വന്ന് വളയുകയും മർദ്ദിക്കുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി നാലായിരം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു.കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ പരാതിക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. പ്രതികൾ മുൻപും നിരവധി കവർച്ചകേസുകളിൽ ഉൾപ്പെട്ടവരാണ്. വിശ്വരാജിനെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും മറ്റു രണ്ട് പേരെ എസ്.കെ ടെമ്പിൾ റോഡ് പരിസരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലെ നാലാമനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.കസബ പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ടി.എസ് ശ്രീജിത്ത്, എസ്.അഭിഷേക് സി.പി.ഒ മാരായ വി.കെ പ്രണീഷ്, ഇ.ശ്രീജേഷ്, പി. മനോജ്,പി.പവിത്രൻ ഡ്രൈവർ സിപിഒ എം.സക്കറിയ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.