മീനങ്ങാടി: വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചി വളർത്തുക, ഹരിത സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുക, കാർബൺ പാദമുദ്ര കുറഞ്ഞ ജീവിതശൈലി പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലയിൽ
സയൻസ് ടെക്‌നോളജി എഡ്യുക്കേഷൻ ആൻഡ് റിസേർച്ച് സെന്റർ എന്ന ശാസ്ത്രഗവേഷണ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെയാണ് ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അദ്ധ്യക്ഷത വഹിക്കും.
കാർബൺ കുറയ്ക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രോജക്ടുകൾക്ക് സഹായം നൽകുക, സുസ്ഥിരകൃഷി, ഉർജ്ജസംരക്ഷണം, ജലസംരക്ഷണം, മാലിന്യപരിപാലനം, കുടുംബാരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുക, ഹരിത ഉപകരണങ്ങളുടെ ഉല്പാദനത്തിനും വിപണനത്തിനും സഹായം നൽകുക, ഗ്രാമീണവികസന ഗവേഷണത്തിന് സൗകര്യമൊരുക്കുക, കൃഷി, മൃഗസംരക്ഷണം, വ്യവസായം എന്നീ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് ഉടൻ ആരംഭിക്കുക.
ജില്ലയിലെ 635 കുടുംബങ്ങളിൽ പരിഷത് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഹരിതഭവനം പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പരിപാടി ത്രിതല പഞ്ചായത്തുകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അഞ്ച് വർഷം കൊണ്ട് ജില്ലയിലെ മുഴുവൻ വീടുകളിലും വ്യാപിപ്പിക്കും. ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകിക്കൊണ്ട് എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകും. കൂടാതെ ഹരിതസാങ്കേതികവിദ്യാ പരിചയം പ്രായോഗികമായി നൽകുന്നതിന് സ്ഥിരം പ്രദർശനം ഒരുക്കുന്നുണ്ട്.
മീനങ്ങാടിയിൽ പരിഷദ്ഭവന്റെ അനുബന്ധമായുള്ള കെട്ടിടത്തിലാണ് ശാസ്ത്രകേന്ദ്രം താൽക്കാലികമായി ആരംഭിക്കുന്നത്.