മാനന്തവാടി: രണ്ടാഴ്ചയ്ക്കിടെ ഏഴ് വളർത്ത് മൃഗങ്ങളെ കടുവ കൊല്ലുകയും, ഒരു പശുക്കിടാവിനെ പരിക്കേൽപ്പിക്കുകയും ചെയ്തിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പരിക്കേറ്റ പശുക്കിടാവിനെ റോഡിൽ കിടത്തി ഉപരോധസമരം നടത്തി.
കാട്ടിക്കുളം മെലെ 54 കോതമ്പറ്റ കോളനിക്ക് സമീപം നാരിയേലിൽ അജി ജേക്കബിന്റ് പശു കിടാവിനെയാണ് ഇന്നലെ പുലർച്ചെ കടുവ ആക്രമിച്ചത്. പുലർച്ചെ പാൽ കറക്കാൻ തൊഴുത്തിലെത്തിയ അജിയെ കണ്ട കടുവ വലിച്ച് കൊണ്ടു പോവുകയായിരുന്ന പശുകിടാവിനെ ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു.
ക്ഷുഭിതരായ സ്ത്രീകളടക്കമുള്ള നാട്ടുകാർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വയസ്സുള്ള പശുവുമായി മാനന്തവാടി കാട്ടിക്കുളം മൈസൂർ അന്തർ സംസ്ഥാന പാത ഉപരോധിച്ചു. ഇതോടെ നിരവധി വാഹനങ്ങൾ മണിക്കുറുകളോളം കുടുങ്ങി.

മാനന്തവാടി എസ്.എച്ച്.ഒ എം.എം.അബ്ദുൽ കരീമിന്റെയും തിരുനെല്ലി എസ്.ഐ വി.യു.പൗലോസിന്റയു നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തിയിരുന്നു.
ഉച്ചയോടെ മാനന്തവാടിയിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാർ എത്തി പശുകിടാവിന് ചികിത്സ നൽകി.
കണ്ണൂർ സി.സി.എഫ് ഡി.കെ.വിനോജ് കുമാർ നിയോഗിച്ച ആറ് അംഗ വിദഗ്ധ സമിതി വൈകുന്നേരം സ്ഥലം സന്ദർശിച്ചു. കൂട് വെക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാമെന്നും, പശുകിടാവ് ചാവുകയാണെങ്കിൽ 60,000 രൂപ നഷ്ടപരിഹാരം നൽകാമെന്നും ബേഗൂർ റെയ്ഞ്ച് ഓഫീസർ കെ.രാകേഷ് നൽകിയ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സി.കെ.രത്നവല്ലി, മാനന്തവാടി താഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ഡെപ്യൂട്ടി തഹസിൽദാർ സുജിത്ത് ജോസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.