k-m-ramachandran
മന്നങ്ങോട്ട് കാനങ്ങാട്ട് രാമചന്ദ്രൻ

​ രാമനാട്ടുകര:വീരമൃത്യു വരിക്കുന്ന ജവാൻമാരുടെ പേരിൽ ജന്മനാട്ടിൽ സ്മാരകങ്ങൾ ഉയരുമ്പാൾ രാമനാട്ടുകരയിലെ ജനങ്ങൾ കാത്തിരിക്കുകയാണ് വീരമൃത്യു വരിച്ച മന്നങ്ങോട്ട് കാനങ്ങാട്ട് രാമചന്ദ്രനു വേണ്ടി സ്മരാകം പണിയുമെന്ന പ്രതീക്ഷയിൽ.1971 ലെ ഇന്ത്യ-പാക്ക് യുദ്ധവിജയത്തിന്റെ അമ്പതാം ആണ്ട് രാജ്യമെങ്ങും കൊണ്ടാടുമ്പോഴും ഇദ്ദേഹത്തിന് ജന്മനാടായ രാമനാട്ടുകരയിൽ ഒരു പഞ്ചായത്ത് റോഡിനു പോലും പേര് നൽകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.രാജ്യത്തിനു വേണ്ടി മൂന്ന് പ്രധാന യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മദ്രാസ് റെജിമെന്റിൽ സൈനികനായ രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം മന്നങ്ങോട്ട് കാനങ്ങാട്ട് രാമചന്ദ്രൻ എന്ന സൈനികനാണ് 71ൽ നടന്ന ഇന്ത്യാ പാക്ക് അതിർത്തിയിലെ യുദ്ധത്തിൽ ഡിസംബർ എട്ടിന് തന്റെ 33 മത്തെ വയസിൽ വീരമൃത്യു വരിച്ചത്.സൈനിക കുപ്പായം അഴിച്ചു വെയ്ക്കാൻ ഏതാണ്ട് 4 മാസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹത്തിന്റെ വീരമൃത്യു.1972 ഏപ്രിലായിരുന്നു അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. എം.കെ ശങ്കരന്റെയും,അമ്മുവിന്റെയും എട്ടു മക്കളിൽ ഇളയമകനാണ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ 18ാമത്തെ വയസിലാണ് പട്ടാളത്തിൽ ചേർന്നത്.1957 ഏപ്രിൽ 20 നാണു അദ്ദേഹം മദ്രാസ് റെജിമെന്റിൽ ചേർന്നത്.1962-65 യുദ്ധങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.നേഫ സർവീസ് മെഡൽ,നാഗാരക്ഷാ മെഡൽ,സൈനിക സേവാ വിത്ത് ക്ലാപ്പ്, എന്നിവയും മറ്റു മെഡലുകളും അദ്ദേഹത്തിന് രാജ്യം നൽകി ആദരിച്ചു .രാജസ്ഥാൻ അതിർത്തിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വനജയാണ് ഭാര്യ.അനില,​ബാബുരാജ് എന്നിവരാണ് മക്കൾ.മകനെ കാണാതെയാണ് രാമചന്ദ്രൻ വിടവാങ്ങിയത്.വീരമൃത്യു വരിക്കുന്ന പട്ടാളക്കാർക്ക് ഇന്ന് ലഭിക്കുന്ന യാതൊരു ആനുകൂല്യവും അന്നില്ലായിരുന്നു .ഇദ്ദേഹത്തിന്റെ മകൾക്ക് രജിസ്‌ട്രേഷൻ വകുപ്പിൽ ജോലി കിട്ടിയതുമാത്രമാണ് എടുത്തുപറയാവുന്ന ആനുകൂല്യം. രാമചന്ദ്രന്റെ പേരിൽ ജന്മനാടായ രാമനാട്ടുകരയിലെങ്കിലും ഒരു സ്മാരകം വേണമെന്നാണ് നാട്ടുക്കാരുടെയും ബന്ധുക്കളുടേയും ആവശ്യം.ഈ ആവശ്യം പരിഗണിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ സ്വന്തം മണ്‌ഡലം കൂടിയായ ബേപ്പൂർ നിയോജക മണ്ഡലത്തിലെ രാമനാട്ടുകരയിലെ ജനങ്ങളുടെ വിശ്വാസം.