രാമനാട്ടുകര: ഉച്ചത്തിലുള്ള ഹോൺ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർ സൂക്ഷിച്ചോ പണി കിട്ടും.24 മണിക്കൂറും നിങ്ങൾ നിരീക്ഷണത്തിലാണ്.അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ സംസ്ഥാനത്ത് ഓപ്പറേഷൻ ഡെസിബലുമായി മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ നിരത്തിലിറങ്ങി തുടങ്ങി.ഇതിന്റെ ഭാഗമായി ഫറോക്ക് സബ്ബ് ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള ഫറോക്ക്, രാമനാട്ടുകര,കടലുണ്ടി,ചാലിയം,കരുവൻതിരുത്തി തുടങ്ങി മേഖലകളിൽ വാഹന പരിശോധന നടത്തി.ഹോൺ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ 7മണിക്ക് തുടങ്ങിയ പരിശോധന വൈകീട്ട് 3 വരെ തുടർന്നു . ഇന്നും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു . വാഹന പരിശോധനയെ തുടർന്ന് പല സ്വകാര്യ ബസുകളുടെയും എയർ ഹോണുകൾ അഴിച്ചുമാറ്റി. വാഹനങ്ങളിലെ നിർമ്മിത ഹോണുകൾ മാറ്റി പലരും ഉയർന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇതു വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണർക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ ഡെസിബെൽ തുടങ്ങുന്നത്.
മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകൾ പരിശോധിച്ചു .ബസ് സ്റ്റാൻഡ്,പാർക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നാഷണൽ പെർമിറ്റ് വാഹനങ്ങളിലാണ് ഹോണുകൾ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തൽ. അതിശബ്ദമുള്ളവ കണ്ടെത്തിയാൽ രണ്ടായിരം രൂപയാണു പിഴ.ഇരു ചക്ര വാഹനങ്ങളിൽ സൈലൻസറുകളിൽ രൂപമാറ്റം വരുത്തി അമിത ശബ്ദ മുണ്ടാക്കിയ ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.ഡ്രൈവർമാർക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസുകളും നൽകി ഫറോക്ക് ജോയിന്റ് ആർ.ടി.ഒ സജീവ് ബക്കർ,എം.വി.ഐ കെ.കെ അനൂപ്,എ.എം.വി.ഐ .ഡി ശരത്,ജിജി അലോഷ്യസ് എന്നിവർ നേതൃത്വം നൽകി.