രാമനാട്ടുകര: രാമനാട്ടുകര ഒൻപതാം മൈൽസിനു സമീപത്തെ ബിവറേജ് ഔട്ട്ലെറ്റ് ദേശീയപാതയ്ക്ക് സമീപം തോട്ടുങ്ങലിലേക്ക് മാറ്റുന്നത് തടഞ്ഞ യുത്ത് ലീഗുകാർക്കു നേരെ പൊലീസ് ലാത്തി വീശി. നഗരസഭ കൗൺസിലർ അൻവർ സാദ്ദിഖ് പൂവഞ്ചേരി, യൂത്ത് ലീഗ് രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി നേതാക്കളായ മഹ്സും പുതുക്കുളങ്ങര, പി.പി.ഹാരിസ്, മുജീബ് റഹ്‌മാൻ പൂവന്നൂർ, റഷീദ് പാറോൽ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസ കേന്ദ്രത്തിലേക്ക് മുന്നറിയിപ്പില്ലാതെ മാറ്റുന്നതിൽ പ്രതിഷേധിച്ചായിരുന്നു ചെറുത്തുനില്പ്. ജനപ്രതിനിധികളടങ്ങിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസിന്റെ നരനായാട്ടാണ് നടന്നതെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ലാത്തിപ്രയോഗമെന്നും നേതാക്കൾ പറഞ്ഞു.
നഗരസഭ കൗൺസിലർ അൻവർ സാദ്ദിഖ് പൂവഞ്ചേരിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.