khader

കോഴിക്കോട്: കഥാകാരൻ യു.എ ഖാദറിന്റെ ഒന്നാം ചരമ വാർഷിക പരിപാടികൾക്ക് നാളെ ടൗൺഹാളിൽ തുടക്കമാവും. 'ഖാദർ പെരുമ"യുടെ ഉദ്ഘാടനം രാവിലെ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. യു.എ ഖാദറിന്റെ ഛായാചിത്രം മേയർ ഡോ.ബീന ഫിലിപ്പ് അനാച്ഛാദനം ചെയ്യും.

രാവിലെ 8.30ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഖാദർ കഥാപാത്രങ്ങളുടെ ചിത്രരചനാ മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുകയെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഭാഷയിലെ വേറിട്ട വഴികൾ" എന്ന വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം സെമിനാർ നടക്കും.

യു.എ ഖാദറിന്റെ രണ്ടു പുസ്തകങ്ങൾ ഞായറാഴ്ച പ്രകാശനം ചെയ്യും. 'ദേശം, ദേശീയത, പ്രാദേശികത" എന്ന വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം സെമിനാറുമുണ്ടാവും.

വൈകിട്ട് സമാപന സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി.പത്മനാഭൻ മുഖ്യാതിഥിയായിരിക്കും.

വാർത്താസമ്മേളനത്തിൽ ഡോ.ഖദീജ മുംതാസ്, ഐസക് ഈപ്പൻ, യു.എ കബീർ, പുരുഷൻ കടലുണ്ടി എന്നിവർ സംബന്ധിച്ചു.