കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും ഇന്ധന വിലവർദ്ധനവിനുമെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന ജനജാഗരൺ പ്രക്ഷോഭത്തിന്റെ ഭാഗമായി എം.കെ.രാഘവൻ എം.പി നയിക്കുന്ന ജനജാഗരൺ അഭിയാൻ പദയാത്ര 11ന് നടക്കും.
കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് താമരശ്ശേരിയിൽ അവസാനിക്കുന്ന പദയാത്രയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ അണിചേരുമെന്ന് എ.കെ.രാഘവൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊടുവള്ളി ടൗണിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പദയാത്ര ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറു മണിക്ക് താമരശ്ശേരിയിൽ പദയാത്ര സമാപിക്കും. സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിക്കും.

രാജ്യത്തിന് നിരന്തരം മുറിവേൽപ്പിക്കുന്ന നയങ്ങളാണ് കഴിഞ്ഞ ഏഴു വർഷമായി മോദി ഭരണത്തിന് കീഴിൽ നടപ്പിലാക്കുന്നതെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. ഇന്ധന വില, പാചക വാതക വിലക്കയറ്റം, അവശ്യ സാധനങ്ങളുടെ വില വർധനവ്, രൂക്ഷമായ തൊഴിലില്ലായ്മ ഇത്തരത്തിൽ സർവ മേഖലയെയും തകർത്താണ് നരേന്ദ്രമോദി സർക്കാർ രാജ്യത്തെ നയിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ പങ്കെടുത്തു.


കെ.എസ്.ആർ.ടി.സി ടെർമിനൽ

സർക്കാർ മറുപടി പറയണം
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം വിവാദമായ സാഹചര്യത്തിൽ സർക്കാർ മറുപടി പറയണമെന്ന് എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടാൻ സർക്കാർ എങ്ങനെയാണോ ഇടപെട്ടത് അതേ ഗൗരവം കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിലും കാണിക്കണം. ജില്ലയിലെ മന്ത്രിമാർപോലും വിഷയത്തിൽ പ്രതികരിക്കാത്തത് അപഹാസ്യമാണ്.