കൽപ്പറ്റ: വാർഡ്തല ബാലാവകാശ സംരക്ഷണ സമിതികൾ രൂപീകരിച്ച് കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ സമിതികളുടെ ശാക്തീകരിക്കണം ഉറപ്പാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹരിതഗിരി ഹോട്ടലിൽ നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ബാല സംരക്ഷണ സമിതി അംഗങ്ങൾ, ചൈൽഡ് ലൈൻ പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ബാല സൗഹൃദ ജില്ലയെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാല സൗഹൃദ കേരളം പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിൽ ബാല സംരക്ഷണ സമിതികൾ ശാക്തീകരിക്കുന്നതിനായി ശിൽപശാല നടത്തുന്നത്. വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കുക, ലൈംഗികാതിക്രമങ്ങളിൽ നിന്നും, ലഹരി ഉപയോഗത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക, ബാലവേല, ഭിക്ഷാടനം, ശൈശവ വിവാഹം, കുട്ടികളുടെ ആത്മഹത്യകൾ എന്നിവ ഇല്ലാതാക്കുക, ലിംഗ സമത്വം സൃഷ്ടിക്കുക, ശാസ്ത്രീയാവബോധം വളർത്തുക എന്നീ തുടർ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും.

ബാലസൗഹൃദ കേരളം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി.വിജയകുമാർ, നിയമ പരിരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ലീഗൽ കം പ്രൊബേഷൻ ഓഫീസർ മനിത മൈത്രി എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം നസീർ ചാലിയം അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ബി.ബബിത, ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി.ആശമോൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.യു.സ്മിത, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ടി.ഹഫ്സത്ത്, ഡെവലപ്‌മെന്റ് കൺസൾട്ടന്റ് ടി.എം.ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു.