മാനന്തവാടി: മാനന്തവാടിയിലെ പ്രിയദർശിനി കോളനി ജില്ലാ കളക്ടർ എ.ഗീത സന്ദർശിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ട്രൈബൽ കോളനികളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കളക്ടർ കോളനിയിലെത്തിയത്. കോളനിവാസികളോട് വിവരങ്ങൾ നേരിട്ടന്വേഷിച്ച അവർ കൊവിഡ് വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽ ക്കരണവും നടത്തി. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ ഒപ്പമുണ്ടായിരുന്നു.
തൊണ്ണൂറ് ട്രൈബൽ കുടുംബങ്ങളാണ് പ്രിയദർശിനി കോളനിയിലുള്ളത്.
പ്രിയദർശിനി ടീ പ്ലാന്റേഷൻ ഫാക്ടറിയിൽ ചേർന്ന യോഗത്തിൽ കോളനിവാസികളുടെ പ്രശ്നങ്ങൾ കളക്ടർ ചോദിച്ചറിഞ്ഞു. മുൻകാല തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അവർ ഉറപ്പ് നൽകി. റേഷൻ കാർഡ് ലഭിക്കാത്തവർക്ക് അടിയന്തരമായി കാർഡ് ലഭ്യമാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. പാർപ്പിട സംബന്ധമായ വിഷയങ്ങളിൽ പട്ടിക വർഗ വകുപ്പിന്റെ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് വീടുകൾ താമസയോഗ്യമാക്കുന്നതിനുളള നടപടികളും ഉണ്ടാകും. കോളനിയിൽ അനധികൃത മദ്യമെത്തുന്നത് തടയണമെന്ന് പൊലീസിനും നിർദ്ദേശം നൽകി.
ഡിസംബർ 13 ന് കോളനിയിലെ സബ്‌സെന്ററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കോളനിയിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സബ്‌സെന്ററിലെ ജെ.പി.എച്ച്.എൻ സ്റ്റാഫിനെ ചുമതലപ്പെടുത്തി. കോളനിയിലെ കാൻസർ രോഗിയായ മനുവിന് ചികിത്സസഹായം നൽകാൻ പട്ടിക വർഗ്ഗ വകുപ്പിന് നിർദ്ദേശം നൽകി.
സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, ഡി.എം.ഒ ഡോ. കെ.സക്കീന, കളക്‌ട്രേറ്റ് ഫിനാൻസ് ഓഫീസർ എ.കെ.ദിനേശൻ, മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ, മാനന്തവാടി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ ജി.പ്രമോദ്, ജില്ലാ സപ്ലൈ ഓഫീസർ പി.എ.സജീവ്, മാനന്തവാടി തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി, വില്ലേജ് ഓഫീസർ വിനു.കെ.ഉതുപ്പ്, ടി.ഇ.ഒ കെ.എൽ.ബിജു, നഗരസഭ സൂപ്രണ്ട് സി.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.