photo

ബാലുശ്ശേരി: രക്ഷിതാക്കൾക്ക് ഇയ്യാട് സി.സി.യു.പി സ്കൂളിലേയ്ക്ക് കുട്ടികളെ ഇനി ധൈര്യമായി അയക്കാം. വിദ്യാർത്ഥികൾക്ക് ഭീഷണിയായിരുന്ന എകരൂൽ - വീര്യമ്പ്രം റോഡിൽ

ഇയ്യാട് സി.സി.യു.പി സ്കൂളിനു സമീപമുള്ള പൊതു കിണറിന്റെ മുകളിൽ ഇരുമ്പ് വല (ഗ്രിൽ) സ്ഥാപിക്കാൻ തീരുമാനമായി. കിണറിന്റെ ആൾമറയ്ക്ക് ഉയരമില്ലാത്തതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാമായിരുന്നു. നേരത്തെ കേരള കൗമുദി കിണറിന്റെ അപകടാവസ്ഥയെകുറിച്ച് വാർത്ത നൽകിയിരുന്നു.

കിണറിനോട് ചേർന്ന് കിഴക്ക് ഭാഗത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തതോടെയാണ് കിണറിന്റെ ആൾമറയ്ക്ക് ഉയരമില്ലാതെ വന്നത്. നിലവിൽ ഈ ഭാഗത്ത് ആൾ മറയ്ക്ക് ഒന്നര അടിയോളം മാത്രമെ ഉയരമുള്ളു. ഈ ഭാഗത്ത് നിന്ന് ആരെങ്കിലും കിണറിലേയ്ക്ക് എത്തി നോക്കിയാൽ അപകടം ഉറപ്പാണ്. കിണറിനടുത്തായി ബസ്സ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ 18ാം വാർഡിലാണ് അപകടം പതിയിരിക്കുന്ന കിണർ. അപകടാവസ്ഥയെക്കുറിച്ച് സ്കൂൾ അധികൃതരും പരാതി നല്കിയിരുന്നു.

അപകട സാദ്ധ്യതയുള്ള ഇയ്യാട് സി.സി. സ്കൂളിനു സമീപമുള്ള കിണറിന്റെ ആൾ മറയ്ക്ക് മുകളിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച് അപകട സാദ്ധ്യത ഒഴിവാക്കുമെന്ന് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിലും വാർഡ്

മെമ്പർ ഗിരിജ തെക്കേടത്തും കേരള കൗമുദിയോട് പറഞ്ഞു. ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയമായതിനാൽ രണ്ട് ദിവസത്തിനകം എസ്റ്റിമേറ്റ് എടുത്ത് പ്രവൃത്തി തുടങ്ങുമെന്നും ഇരുവരും അറിയിച്ചു.