മാനന്തവാടി: കുറുക്കൻമൂലയിൽ കടുവ ഒരു പശുക്കിടാവിനെ കൂടി കൊന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു.
കുറുക്കൻമൂല ചെറൂർ മുണ്ടക്കൽ കുഞ്ഞ് എന്ന ജോണിന്റെ ആറ് മാസം പ്രായമായ പശുക്കിടാവിനെയാണ് കടുവ കൊന്നത്.
വീടിനോട് ചേർന്ന തൊഴുത്തിൽ നിന്ന് പുലർച്ചെ മൂന്നരയ്ക്ക് പശുക്കിടാവിനെ പിടികൂടിയ കടുവ നൂറ് മീറ്റർ അകലെ ഉപേക്ഷിക്കുകയായിരുന്നു.
പശുകിടാവിന്റെ ജഡം കണ്ട സ്ഥലത്താണ് കൂട് സ്ഥാപിച്ചത്. കാൽ ഭാഗം മാത്രം ഭക്ഷിച്ച് ഉപേക്ഷിച്ച പശുക്കിടാവിന്റെ ജഡമാണ് കൂട്ടിൽ ഇരയായി ഇട്ടത്.
രണ്ടാഴ്ചയ്ക്കിടെ ഒൻപത് വളർത്ത് മൃഗങ്ങളെയാണ് കടുവ കൊന്നത്. ജനരോഷത്തെ തുടർന്നാണ് വനം വകുപ്പ് കടുവയെ പിടികൂടാൻ നടപടി ആരംഭിച്ചത്. കൂട് വെച്ച് പിടിക്കാനോ അല്ലെങ്കിൽ മയക്ക് വെടിവെച്ചോ, വെടിവെച്ചോ പിടികൂടാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഉത്തരവിട്ടത്.
സബ് കലക്ടർ ആർ.ശ്രീലക്ഷ്മി, ഡി.എഫ്.ഒ.മാരായ എ.സജ്ന, നരേന്ദ്രബാബു, രമേഷ് വിഷ്‌ണോയി, മാനന്തവാടി എസ്.എച്ച്.ഒ.തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, റാപ്പിഡ് റെഡ് സോൺ ടീം റെയിഞ്ച് ഓഫീസർ രൂപേഷ്, റെയിഞ്ച് ഓഫീസർമാരായ രമ്യ രാഘവൻ, കെ.രാഗേഷ് എന്നിവരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
എം.എൽ.എ.മാരായ ഒ.ആർ.കേളു, ഐ.സി.ബാലകൃഷ്ണൻ, മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.എസ്.മൂസ്സ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ ആലീസ് സിസിൽ എന്നിവർ കടുവ കൊന്ന പശുക്കിടാവിന്റെ ഉടമയുടെ വീട് സന്ദർശിച്ചു.
എട്ട് വളർത്ത് മൃഗങ്ങളെ കടുവ കൊന്നിട്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്
പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാർ കഴിഞ്ഞദിവസം മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പതിനൊന്നാം ഡിവിഷൻ ചെറൂർ, പന്ത്രണ്ടാം ഡിവിഷൻ കുറുക്കൻമൂല, പതിമൂന്നാം ഡിവിഷൻ കുറുവ, പതിനാലാം ഡിവിഷൻ കാടൻകൊല്ലി എന്നിവിടങ്ങളിൽ ഇന്നും നാളെയും ജില്ലാകലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വളർത്തുമൃഗങ്ങൾക്കും പൊതുജനങ്ങൾക്കും കടുവ ഭീഷണിയായതിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പരിസരവാസികൾ പൊതുസ്ഥലങ്ങളിൽ നിൽക്കുന്നതും കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.