മുക്കം: മുക്കം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് നടപടികൾ തുടങ്ങി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ആർകിടെക്ചറൽ ആൻഡ് പ്ലാനിംഗ് വിഭാഗമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും ഉപയോഗയോഗ്യമായ കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടുമുള്ള പ്ലാനാകും തയ്യാറാക്കുക. അമ്പതു വർഷത്തെ വികസനം മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്ലാൻ രൂപകല്പന ചെയ്യുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറക്കുന്നതിന്റെ ഭാഗമായി ആർകിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിലെ ഡോ. കെ ചിത്ര, ഡോ.ദീപ്തി ബെൻഡി, ഡോ. പി. കെ അമൃത എന്നിവരടങ്ങിയ സംഘം സ്ഥലം പരിശോധന നടത്തി. പ്രാഥമിക രൂപകല്പനക്ക് ശേഷം മെഡിക്കൽ രംഗത്തെ വിദഗ്ദ്ധരുമായി ചർച്ച ചെയ്തായിരിക്കും മാസ്റ്റർ പ്ലാൻ അന്തിമമാക്കുക. നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി.ചന്ദ്നി, വി കുഞ്ഞൻ, പ്രജിത പ്രദീപ്, അശ്വതി സനൂജ്, ജോഷില, വേണു കലുരുട്ടി, നഗരസഭ സെക്രട്ടറി എൻ.കെ, ഹരീഷ്, മെഡിക്കൽ ഓഫീസർ എം.മോഹനൻ എന്നിവർ സ്ഥല പരിശോധനയിലും ചർച്ചയിലും പങ്കെടുത്തു.