കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗ് - കോൺഗ്രസ് പോര് ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങി. ലീഗ് നേതാവായ വനിതാ പ്രസിഡന്റിനെ കോൺഗ്രസിൽ നിന്നുള്ള വൈസ് പ്രസിഡന്റ് ഓഫീസിൽ വച്ച് അസഭ്യം ചൊരിഞ്ഞ് അധിക്ഷേപിച്ചുവെന്ന പരാതി പൊടുന്നനെയെന്നോണം ആറിത്തണുക്കുകയായിരുന്നു.

ഈ വൈസ് പ്രസിഡന്റുമായി ഇനി യോജിച്ചു പോകാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രസിഡന്റ് വിളക്കോട്ടിൽ ഷംലൂലത്ത്. വൈസ് പ്രസിഡന്റ് കരീം പഴങ്കലിനെതിരെ നടപടി സ്വീകരിക്കാതെ അടങ്ങുകയില്ലെന്ന നിലപാടുമായി മുസ്ലിം ലീഗ് കോൺഗ്രസ് നേതൃത്വത്തിനു കത്തും നൽകിയതാണ്. എന്നാൽ, ഒരാഴ്ചയോളം ഓഫീസിൽ വരാതിരുന്ന ഇരുവരും ഇന്നലെ ഒന്നും സംഭവിക്കാത്ത മട്ടിൽ ഓഫീസിലെത്തി കൃത്യനിർവഹണം തുടങ്ങി.

ഫയൽ തീർപ്പാക്കൽ അദാലത്തുമായി ബന്ധപ്പെട്ട പോസ്റ്ററിൽ വൈസ് പ്രസിഡന്റിന്റെ ഫോട്ടോ വെച്ചില്ലെന്നതിനെ ചൊല്ലിയായിരുന്നു തർക്കവും അധിക്ഷേപവും. പ്രശ്നം മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന അവസ്ഥയിലേക്ക് വരെയെത്തിയിരുന്നു.