aravusala

കോഴിക്കോട് : എതിർപ്പിൽ ഉടക്കിപ്പോയ കോതിയിലെ നിർദ്ദിഷ്ട അറവുശാലയ്ക്ക് വീണ്ടും ജീവൻ വരുന്നു. നഗരത്തിൽ ശുചിത്വ പ്രോട്ടോകോൾ നടപ്പാക്കുന്ന സാഹചര്യത്തിൽ കോതിയിൽ അറവുശാല സ്ഥാപിക്കാനുളള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് കോർപ്പറേഷൻ.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പദ്ധതി കൺസൽട്ടന്റായ സെന്റർ ഫോർ ഫാമിംഗ് ആൻഡ് ഫുഡ് പ്രോസസിംഗ് മാതൃക സമർപ്പിച്ചിട്ടുണ്ട്. വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന പൂർത്തിയായി കഴിഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാകും അറവുശാല ഉയരുക. 9.2 കോടിയുടെ ഡി.പി.ആർ ആണ് കോർപ്പറേഷൻ കിഫ്ബിയ്ക്ക് നൽകിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ വൈകിയെങ്കിലും പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് കോർപ്പറേഷന്റെ ശ്രമം. 7.5 കോടിരൂപയാണ് കോർപ്പറേഷൻ കിഫ്ബിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

അതേസമയം അറവുശാല സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ എതിർപ്പ് തുടരുകയാണ്. ഫുട്ബാൾ മൈതാനമായി ഉപയോഗിക്കുന്ന സ്ഥലം അതുപോലെ നിലനിറുത്തണമെന്നും മിനി സ്റ്റേഡിയം പണിയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പകരം കളിസ്ഥലം നൽകാമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.

നേരത്തെ ഇവിടെ ഉണ്ടായിരുന്ന അറവുശാല ശുചീകരണ തൊഴിലാളികളുടെ സമരത്തെ തുടർന്ന് പൂട്ടുകയായിരുന്നു. പിന്നീട് അറവുശാല വരുന്നതിനെതിരെ സമരവും തുടങ്ങി. 2011തുടങ്ങിയ സ്ഥലമെടുപ്പ് 201 3ലാണ് പൂർത്തിയായത്.

ആധുനികം അറവുശാല

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാലയാണ് കോതിയിൽ വരാൻ പോകുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുളള മാലിന്യ സംസ്‌കരണ പ്ലാന്റ് , ദിവസം 100 എം.എൽ.ഡി മലിന ജലം സംസ്‌ക്കരിക്കുന്ന പ്ലാന്റ്, 50 പോത്തുകളെയും 25 ആടുകളെയും അറക്കാനുളള സംവിധാനം, മാംസ അവശിഷ്ടങ്ങളിൽ നിന്ന് മീനുകൾക്കും നായകൾക്കും ഭക്ഷണം ഉത്പ്പാദിപ്പിക്കുന്ന സംവിധാനം. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സൗകര്യം, ചാണകം ബയോഗ്യാസാക്കൽ. കന്നുകാലികൾക്കുള്ള വിശ്രമ സ്ഥലം എന്നിവ അറവുശാലയിലുണ്ടാകും. മൃഗങ്ങളുടെ തോൽ തമിഴ്‌നാട്ടിലെത്തിച്ച് സംസ്‌കരിക്കും.