
@ പി.ജി ഡോക്ടർമാരുടെ സമരം ഇന്നേക്ക് 11 ദിവസം
@ഹൗസ് സർജൻമാരുടെ സൂചനാ പണിമുടക്ക് നാളെ
കോഴിക്കോട്: മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ശക്തമാകുന്നതിനിടെ ഹൗസ് സർജൻമാരും സമരത്തിലേക്ക്. നാളെ 24 മണിക്കൂർ സൂചന പണിമുടക്ക് നടത്താനാണ് കേരള ഹൗസ് സർജൻസ് അസോസിയേഷന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ചൊവ്വാഴ്ച രാവിലെ എട്ട് വരെ അത്യാഹിതം, കൊവിഡ് എന്നിവ ഒഴികെ മറ്റെല്ലാ വിഭാഗവും ബഹിഷ്‌ക്കരിക്കും.
പി.ജി.ഡോക്ടർമാർ അത്യാഹിത വിഭാഗങ്ങൾ ബഹിഷ്‌ക്കരിച്ചതോടെ ജോലി ഭാരവും മാനസിക സമ്മർദ്ദവും കൂടിയെന്നാണ് ഹൗസ് സർജൻമാർ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന നാല് ശതമാനം സ്റ്റെപ്പന്റ് വർധന പുനസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതെസമയം ഹൗസ് സർജൻമാരുടെ സമരം ഏറ്റവും കൂടുതൽ ബാധിക്കുക വാർഡുകളെയാണ്. പി.ജി ഡോക്ടർമാരേക്കാൾ കൂടുതൽ വാർഡുകളിൽ ചികിത്സ ഏകോപിപ്പിച്ചിരുന്നത് ഹൗസ് സർജൻമാർ ആയിരുന്നു. രണ്ട് വിഭാഗവും സമരം ശക്തമാക്കുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാവും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർ സ്‌പെഷ്യാലിറ്റിയിലെ അക്കാഡമിക് സീനിയർ റസിഡന്റ് ഡോക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സീനിയർ റസിഡന്റ് ഡോക്ടർമാരിലും മുതിർന്ന ഡോക്ടർമാരിലും മാത്രമായി ആശുപത്രിയുടെ പ്രവർത്തനം ഒതുങ്ങും.
പി.ജി ഡോക്ടർമാർ ഇന്നലെ അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചതിനാൽ രോഗികൾ ഏറെ വലഞ്ഞു. സമരം ഇന്നേക്ക് 11ാം ദിവസത്തിലേക്ക് കടക്കുകയാണ്.