സുൽത്താൻ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ ജില്ലയിൽ സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. ബത്തേരിയിൽ സി.യു.സി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനാശവും രൂക്ഷമായി തുടരുകയാണ്. ഏക്കർ കണക്കിന് കൃഷിയും നൂറ്കണക്കിന് വളർത്ത് മൃഗങ്ങളും ഒട്ടേറെ മനുഷ്യജീവനും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി. കോടികളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതിന് ശാശ്വത പരിഹാരം കാണുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അലംഭാവമാണ് കാണിക്കുന്നത്. കാടും നാടും വേർതിരിച്ച് വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് മികച്ച പദ്ധതികൾ തയ്യാറാക്കണം. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിന് പ്രത്യേക നഷ്ടപരിഹാര ട്രൈബ്യുണൽ ഉണ്ടാക്കണം.
കഴിഞ്ഞ 14 ദിവസത്തിനിടെ കാട്ടിക്കുളം, കുറുക്കൻമൂല, ചേറൂർ,പടമല എന്നീ സ്ഥലങ്ങളിൽ 11 വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊന്നു. ജനങ്ങൾ ഇത്രയധികം ബുദ്ധിമുട്ടിയിട്ടും മനസ്സലിയാത്ത മുഖ്യമന്ത്രിയും സർക്കാരും സംസ്ഥാനത്തിന് ഭാരമാണന്നും അപ്പച്ചൻ പറഞ്ഞു.