chenayi-

പേരാമ്പ്ര: ചേനയിക്കടവ് പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് എന്ന് ‍അവസാനിക്കും?മേഖലയിലെ രൂക്ഷമമായ യാത്രാപ്രശ്നം പരിഹരിക്കുന്നതും വൻ വികസന സാധ്യത നൽകുന്നതുമായ ചേനയിക്കടവ് പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു.പാലത്തിനായി കഴിഞ്ഞ 50 വർഷമായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പേരാമ്പ്ര-കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ട വേളം - പേരാമ്പ്ര പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന എടവരാട്-ചേനായി കടവിൽ പാലം പണിയുകയെന്നത് ഇരുപഞ്ചായത്തുകളിലെയും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.നൂറുകണക്കിന് വിദ്യാർത്ഥികൾ മറുകരയെത്താനുള്ള ഏക ആശ്രയം തോണി യാത്ര. പുഴയുടെഇരുകരകളിലുമുള്ള പ്രദേശത്തുകാർക്ക് വാഹനം വഴി പരസ്പരം ബന്ധപ്പെടുന്നതിന് പന്ത്രണ്ട് കിലോമീറ്ററിലധികം സഞ്ചരിക്കണം.പാലം യാഥാർത്ഥ്യമായാൽ

വേളം പഞ്ചായത്തിലെ മഹാഭൂരിപക്ഷം ജനങ്ങൾക്കും പരിസര പഞ്ചായത്തുകളിലുള്ളവർക്കും പേരാമ്പ്രയിലും കോഴിക്കോടും എത്തിച്ചേരാൻ പത്ത് കിലോമീറ്റർ ദൈർഘ്യം കുറവ് ലഭിക്കും.

കൂടാതെ വികസനത്തിൽ മുരടിച്ചുകിടക്കുന്ന മേഖലകൾക്ക് വലിയനേട്ടമാകുന്നതോടൊപ്പം ഇരു പ്രദേശങ്ങളിലെയും രൂക്ഷമായ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യും.

പാലം യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 1990 മുതൽ ജനങ്ങൾ അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുന്നു.കഴിഞ്ഞ 3 ബജറ്റുകളിലും പാലത്തിന് ടോക്കൺ സംഖ്യ വകയിരുത്തിയതിനാൽ ബജറ്റ് വരെ കാത്തിരിക്കാതെ തന്നെ സർക്കാരിന് ഭരണാനുമതി നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

നാൾവഴികൾ

പാലത്തിന്റെ ഇൻവെസ്റ്റിഗേഷനു വേണ്ടി സർക്കാർ 2015ൽ 4.70 ലക്ഷം രൂപ അനുവദിച്ചു. 2016 ൽ യു.എൽ.സി.സി കരയിലെയും പുഴയിലെയും പാറപരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.2016,ൽ പി.ഡബ്ല്യു.ഡി ക്ക് സമർപ്പിച്ചതായും പറയുന്നു.പി.ഡബ്ലു.ഡിസൈൻ വിഭാഗം 2018 ഡിസംബറിൽ ഡിസൈൻ പൂർത്തിയാക്കി. 129.40 മീറ്റർ നീളം വരുന്ന പാലത്തിന് പേരാമ്പ്ര ഭാഗം 210 മീറ്ററും വേളം ഭാഗം 220 മീറ്ററുമുൾപ്പെടെ 430 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. 11.30 കോടി പാലം നിർമ്മാണത്തിനും 70 ലക്ഷം രൂപ സ്ഥലമേറ്റെടുക്കലിനുമുൾപ്പെടെ 12 കോടി രൂപയാണ് പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിട്ടുള്ളത്.

"കഴിഞ്ഞ 7 വർഷമായി പാലത്തിനായി ആക്ഷൻ കമ്മിറ്റി സർക്കാറിനെ സമീപിച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു.പേരാമ്പ്ര, കുറ്റ്യാടി എം.എൽ.എമാർ, തുറമുഖ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ്.പാലം യാഥാർത്ഥ്യമാകുന്നതോടെ പേരാമ്പ്ര, വേളം പഞ്ചായത്തുകൾക്കും പാലം കടന്നു പോകുന്ന പ്രദേശങ്ങൾക്കും വൻ വികസന സാധ്യതയാണ് പ്രതീക്ഷിക്കുന്നത്."

ടി. കെ. കുഞ്ഞമ്മത് ഫൈസി

(ജനറൽ കൺവീനർ, ചേനായികടവ് പാലം ആക്ഷൻ കമ്മിറ്റി)