 
കോഴിക്കോട്: റെയിൽവേ ഭൂമി കൈയേറി ടൗൺഹാൾ റോഡിൽ 'നോ പാർക്കിംഗ് ബോർഡ് ' സ്ഥാപിച്ച കോഴിക്കോട് ട്രാഫിക് പൊലീസിനോട് വിശദീകരണം തേടുമെന്ന് റെയിൽവേ. നിയമം ലംഘിച്ചാണ് റെയിൽവേ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചതെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ വ്യക്തമാക്കി.
റെയിൽവേ ഭൂമിയിൽ ഏതെങ്കിലും ബോർഡ് സ്ഥാപിക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം. ഇക്കാര്യത്തിൽ അതുണ്ടായില്ല. റെയിൽവേ സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് ബോർഡ് സ്ഥാപിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. ഇത്തരം ബോർഡുകളിൽ നിന്ന് ആർക്കെങ്കിലും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടത് റെയിൽവേ ആയതിനാൽ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും.
റെയിൽവേ ഭൂമിയിൽ വയ്ക്കുന്ന ബോർഡിൽ ആരാണ് സ്ഥാപിക്കുന്നത്, എത്രകാലം ബോർഡ് വയ്ക്കാൻ അനുമതി ഉണ്ട് എന്നിവ രേഖപ്പെടുത്തിയിരിക്കണം. തീയതിയും വ്യക്തമാക്കണം. ഇവിടെ സ്ഥാപിച്ച 13 ബോർഡുകളിലും ട്രാഫിക് പൊലീസ് എന്ന് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നുമില്ല. ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ റെയിൽവേ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അറിയുന്നത്.
കോഴിക്കോട് സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേനാ ഉദ്യോഗസ്ഥർ ബോർഡുകളുടെ ഫോട്ടോകളടക്കം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.