 
ബാലുശ്ശേരി: സഞ്ചാരികളുടെ പറുദീസയായി മാറിയ കക്കയം കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രം അടഞ്ഞിട്ട് രണ്ട് മാസം പിന്നിടുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതിനാലാണ് അടഞ്ഞുകിടക്കുന്നത്. ദിവസവും നൂറ് കണക്കിനാളുകൾ എത്തുന്നുണ്ടെങ്കിലും നിരാശയോടെയാണ് അവരുടെ മടക്കം. പ്രാദേശിക ടൂറിസം മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചശേഷമേ വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുക്കൂവെന്നാണ് ഡി.ടി.പി.സി അറിയിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട റിസർവോയറിന്റെ പാറക്കടവ് ഭാഗത്ത് എത്തിയാൽ ആർക്കും ഒന്ന് കുളിച്ചു കയറാൻ തോന്നും. അത്രയ്ക്ക് മനോഹരമാണ് ഇവിടം. അതുപോലെ അപകടകാരിയും. പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ സഞ്ചാരികളാണ് ഏറെയും മുങ്ങി മരിച്ചത്. മൂന്ന് വർഷത്തിനിടെ 13 പേരാണ് ഈ ഭാഗത്ത് മരിച്ചത്. ഒഴിവ് ദിനങ്ങളിൽ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന സന്ദർശകരെ നിയന്ത്രിക്കാനോ നിർദ്ദേശങ്ങൾ നൽകാനോ സുരക്ഷാ ജീവനക്കാരോ ഗൈഡുകളോ ഇവിടെയില്ല. തോണിക്കടവിലെ ഒരു സെക്യൂരിറ്റിയാണ് കാവലിനായി ഉള്ളത്. ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് നിയന്ത്രിക്കണം. അടിക്കടി അപകട മരണം ഉണ്ടായിട്ടും പാറക്കടവ് ഭാഗത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കാൻ ഇറിഗേഷൻ വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല.കല്ലാനോട് തോണിക്കടവിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പ്രവേശന ഫീസ് ഈടാക്കിയാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. അധികൃതരുടെ പിടിവാശിമൂലം മലബാറിലെ ഊട്ടിയെന്ന് അറിയപ്പെടുന്ന കരിയാത്തുംപാറ സഞ്ചാരികൾ ഉപേക്ഷിക്കുന്ന സ്ഥിതിയിലാണ്.
'കരിയാത്തുംപാറ പാറക്കടവ് ഭാഗത്ത് വേണ്ടത്ര സുരക്ഷാ സംവിധാനമൊരുക്കി വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കണം. ഇറിഗേഷൻ വകുപ്പ് ടൂറിസം വകുപ്പിനോ, പഞ്ചായത്തിനോ വിട്ട് കൊടുത്താൽ ഏറെ പ്രയോജനപ്പെടുത്താൻ കഴിയും. മാറ്റണം.'
രാജൻ ബാലുശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ.
' ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കി പാറക്കടവ് വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുക്കണം.
മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ല. ഇവിടെ പെട്ടിക്കട നടത്തിയാണ് ജീവിതം. ഞങ്ങളെ പോലുള്ളവരുടെ കാര്യം കൂടി ഓർക്കണം'.
പ്രഭാകരൻ കരിയാത്തുംപാറ, പാറക്കടവ് പെട്ടിക്കടക്കാരൻ